
കോട്ടയം: ക്രിസ്മസിന് പിറകേ പുതുവർഷത്തെ വരവേൽക്കാൻ സഞ്ചാരികൾ വന്നുനിറഞ്ഞതോടെ ജനുവരി ആദ്യവാരം വരെ കുമരകത്ത് ഹോട്ടലുകളും റിസോർട്ടുകളും കിട്ടാക്കനി. കുമരകത്ത് മാത്രം 20 മുതൽ 25 കോടി രൂപയാണ് ക്രിസ്മസ് - ന്യൂഇയർ ആഘോഷത്തിൽ നിന്ന് ഹോട്ടൽ രംഗം പ്രതീക്ഷിക്കുന്നത്.
സെവൻ സ്റ്റാർ ഉൾപ്പെടെ ചെറുതും വലുതുമായി മൂന്നു ഡസനിലേറെ ഹോട്ടലുകളും റിസോർട്ടുകളുമാണ് കുമരകത്തുള്ളത്. സെവൻ സ്റ്റാറിൽ ഡബിൾ റൂമിന് രണ്ടു പേർക്ക് ബ്രേക്ക് ഫാസ്റ്റ് ഉൾപ്പടെ വാടക 30000ന് മുകളിലാണ് .ഫൈവ് സ്റ്റാറിൽ ഇത് 25000 മുതലാണ്. ഫോർ സ്റ്റാറിൽ 15000 രൂപ വരെയാണ്. ചെറുകിട ഹോട്ടലുകളിൽ 2000 വരെയാണ് വാടക. ഒരു ദിവസം ശരാശരി ഒന്നേമുക്കാൽ കോടിയോളം വരുമാനം ഹോട്ടലുകൾക്ക് മാത്രമായി ലഭിക്കുമെന്ന് ടൂറിസം രംഗത്തുള്ളവർ പറയുന്നു. ശബരിമല ദർശനം കഴിഞ്ഞു വരുന്ന അയ്യപ്പഭക്തരും കുമരകത്തെത്തുന്നുണ്ട്.
കോട്ടയം ജില്ലയിൽ കുമരകത്തിന് പുറമേ വാഗമണ്ണിലും മുറികൾ കിട്ടാതായി. ഇലവീഴ്പൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലുമെന്നാം സഞ്ചാരികളുടെ തിരക്കാണ്.
ഹൗസ് ബോട്ടുകൾക്കും പിടിവലി
ഉത്തരേന്ത്യൻ സഞ്ചാരികൾക്കു പുറമേ നിരവധി വിദേശ സഞ്ചാരികളും കുമരകത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോട്ടൽ മുറികൾ ബുക്ക്ഡായതോടെ ഹൗസ് ബോട്ടുകളിലും താമസത്തിന് തിരക്കായി. സൗകര്യമനുസരിച്ച് 15000 മുതൽ 25000 രൂപ വരെയാണ് ദിവസവാടക. പകൽ കായൽ സവാരിക്ക് ബോട്ടിന്റെ സൗകര്യമനുസരിച്ച് 10000 രൂപ വരെ വാടകയുണ്ട്. ചെറു തോടുകളിലൂടെ വരെ സഞ്ചരിക്കാൻ കഴിയുന്ന യമഹ ഘടിപ്പിച്ച ശിക്കാരവള്ളങ്ങളിലും തിരക്കായി. മൂന്നുകോടിയിലേറെ രൂപ ഈ ഇനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.
കുമരകത്തിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി ഓല മെടയുന്നതും തെങ്ങിൽ നിന്ന് കള്ളെടുക്കുന്നതും വല വീശി മീൻ പിടിക്കുന്നതും കയർ പിരിക്കുന്നതും കരകൗശല വസ്തുക്കൾ നിർമിക്കുന്നതുമെല്ലാം കാണാനും പങ്കാളികളാകാനുമുള്ള അവസരം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |