
സ്വർണം, വെള്ളി, ഓഹരി വിലകളിൽ ഇടിവ്
കൊച്ചി: ആഗോള മേഖലയുടെ ചുവടുപിടിച്ച് രാജ്യത്തെ ധന വിപണികളിൽ വിൽപ്പന സമ്മർദ്ദം ശക്തമായി. സ്വർണം, വെള്ളി എന്നിവയുടെ വിലയിൽ കനത്ത ഇടിവാണുണ്ടായത്. ഓഹരി സൂചികകളും കുത്തനെ താഴ്ന്നു. വർഷാന്ത്യത്തിലെ ലാഭമെടുപ്പും ഭൗമ രാഷ്‌ട്രീയ പ്രതിസന്ധികളിലെ അയവും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണ, വെള്ളി വിലയിടിവ് ശക്തമാക്കിയത്. രാജ്യാന്തര സ്വർണ വില ഔൺസിന് 4,400 ഡോളറിലേക്ക് മൂക്കുകുത്തി. വെള്ളി വില 72 ഡോളറിലേക്കാണ് താഴ്ന്നത്.
ഇതോടെ കേരളത്തിൽ പവൻ വില രണ്ട് തവണയായി 1,590 രൂപ കുറഞ്ഞ് 1,02,000 രൂപയായി. ഗ്രാമിന്റെ വില 195 രൂപ കുറഞ്ഞ് 12,750 രൂപയിലെത്തി. അതേസമയം ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ നാല് തവണയാണ് വില കുറച്ചത്. അസോസിയേഷന്റെ കണക്കനുസരിച്ച് പവൻ വില 2,320 രൂപ കുറഞ്ഞ് 1,02,120 രൂപയായി.
തകർന്നടിഞ്ഞ് വെള്ളി വില
വെള്ളി വില ഇന്നലെ ഒറ്റ ദിവസത്തിൽ കിലോഗ്രാമിന് 21,000 രൂപ കുറഞ്ഞ് 233,120 ലക്ഷം രൂപയായി. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ വില ഇടിവാണിത്. നിക്ഷേപകർ ലാഭമെടുത്തതും ചൈന കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് വെള്ളിക്ക് തിരിച്ചടിയായത്.
നാലാം ദിവസവും ഓഹരിയിൽ ഇടിവ്
പ്രധാന ഓഹരി സൂചികയായ സെൻസെക്‌സ് 346 പോയിന്റ് ഇടിഞ്ഞ് 84,695.54ൽ അവസാനിച്ചു. നിഫ്‌റ്റി 100 പോയിന്റ് നഷ്‌ടത്തോടെ 25,942.10ൽ എത്തി. അദാനി പോർട്ട്സ്, എച്ച്.സി.എൽ ടെക്ക്, ട്രെന്റ്, ഭാരത് ഇലക്ട്രോണിക്സ് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |