
നടപ്പുവർഷം സമാഹരിച്ചത് 1.95 ലക്ഷം കോടി രൂപ
കൊച്ചി: നടപ്പുവർഷം റെക്കാഡ് പ്രകടനവുമായി രാജ്യത്തെ പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണി കുതിക്കുന്നു. ചെറുകിട, ഇടത്തരം കമ്പനികൾ മുതൽ വൻകിട ആഗോള സ്ഥാപനങ്ങൾ വരെ ചേർന്ന് ഇന്ത്യൻ വിപണിയിൽ ഓഹരി വിൽപ്പനയിലൂടെ 1.95 ലക്ഷം രൂപയാണ് 2025ൽ സമാഹരിച്ചത്. പ്രമുഖ ഗവേഷണ സ്ഥാപനമായ പാന്റോമാത്ത് തയ്യാറാക്കിയ കണക്കുകളനുസരിച്ച് നടപ്പുവർഷം 375 ഐ.പി.ഒകളാണ് നടന്നത്. മെയിൻബോർഡിൽ 103 കമ്പനികളും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഭാഗത്തിൽ 270 ഇഷ്യുകളുമാണുണ്ടായത്. ബിസിനസ് വികസിപ്പിക്കുന്നതിന് ബാങ്ക് വായ്പകൾക്ക് ഉപരിയായി പുതിയ ധന സമാഹരണ മാർഗങ്ങൾ ഇന്ത്യൻ കമ്പനികൾ കണ്ടെത്തുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുൻവർഷം 91 കമ്പനികൾ ചേർന്ന് 1.59 ലക്ഷം കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത്. സെക്കൻഡറി വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ച വിദേശ ധനകാര്യ സ്ഥാപനങ്ങൾ പോലും ഇന്ത്യയിലെ ഐ.പി.ഒ ആവേശത്തിൽ പങ്കാളികളായി.
നടപ്പുവർഷത്തെ പ്രധാന ഓഹരി വിൽപ്പനകൾ
കമ്പനി : സമാഹരിച്ച തുക
ടാറ്റ കാപ്പിറ്റൽ : 15,512 കോടി രൂപ
എൽ.ജി ഇലക്ട്രോണിക്‌സ്: 11,604 കോടി രൂപ
ലെൻസ്‌കാർട്ട് സൊലൂഷൻസ്: 7,278 കോടി രൂപ
ഗ്രോ പാരന്റ്‌സ് : 6,632 കോടി രൂപ
അടുത്ത വർഷം ഐ.പി.ഒ പ്രളയം
അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് ഐ.പി.ഒ പ്രളയം. മൊത്തം 2.5 ലക്ഷം കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ടെലികോം, ഫിൻടെക്ക് മുതൽ കൺസ്യൂമർ ഇന്റർനെറ്റ് വരെയുള്ള 190 കമ്പനികളുടെ ഐ.പി.ഒ അടുത്ത വർഷം നടക്കും. ഇതുവരെ 84 കമ്പനികൾക്ക് ഓഹരി വിൽപ്പനയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നൽകിയിട്ടുണ്ട്.
പ്രതീക്ഷിക്കുന്ന ഐ.പി.ഒകൾ
മുൻനിര കമ്പനികളായ റിലയൻസ് ജിയോ, നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ഫ്ളിപ്പ്കാർട്ട്, ഫോൺപേ, ഓയോ, എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, ഹീറോ ഫിൻകോർപ്പ്, സെപ്‌റ്റോ, ബോട്ട് തുടങ്ങിയവയുടെ ഓഹരി വിൽപ്പനയാണ് അടുത്ത വർഷം നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |