
ആദായ നികുതിയിൽ മാറ്റമുണ്ടായേക്കില്ല
കൊച്ചി: ആഗോള അനിശ്ചിതത്വങ്ങൾ മറികടന്ന് ആഭ്യന്തര വളർച്ചയ്ക്ക് ഊർജം പകരുന്നതിനാകും ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്ജറ്റിൽ ലക്ഷ്യമിടുന്നത്. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് നിക്ഷേപ, തൊഴിൽ, വിപണി നയങ്ങളിൽ വിപുലമായ പൊളിച്ചെഴുത്തുണ്ടായേക്കും. രാജ്യത്തെ വിവിധ മേഖലകളിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ഗ്രാമീണ, നഗര ഉപഭോഗം ഉയർത്തുന്നതിനും സാമ്പത്തിക പരിഷ്‌കരണ നടപടികൾ ഊർജസ്വലമാക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയുടെ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം സംജാതമായ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്താകും നിർമ്മല സീതാരാമൻ ധന നയം രൂപപ്പെടുത്തുക. പശ്ചാത്തല വികസനം, ലോജിസ്‌റ്റിക്‌സ്, മൂലധന നിക്ഷേപം എന്നീ രംഗങ്ങളിൽ വലിയ പ്രഖ്യാപനങ്ങളുണ്ടായേക്കും. ലോകത്തിലെ വിവിധ സാമ്പത്തിക മേഖലകളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവക്കുന്ന സാഹചര്യത്തിൽ വ്യവസായ, നിർമ്മാണ മേഖലകൾക്ക് അധിക ആനുകൂല്യങ്ങൾ ലഭ്യമാക്കി ആഗോള വിപണിയിൽ മത്സരശേഷി ഉയർത്താനാണ് ധനമന്ത്രാലയത്തിന്റെ ആലോചന.
ഓഹരി വിപണി പ്രവർത്തിക്കും
ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെങ്കിലും പ്രധാന സ്‌റ്റോക്ക് എക്സ്ചേഞ്ചുകളായ ബി.എസ്.ഇ, എൻ.എസ്.ഇ എന്നിവ പ്രവർത്തിക്കും. രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെയാണ് വ്യാപാര സമയം. ഫ്യൂച്ചേർസ് ആൻഡ് ഓപ്ഷൻ, കമ്മോഡിറ്റി ഡെറിവേറ്റീവ്സ് വ്യാപാരങ്ങളും പതിവ് പോലെ നടക്കും.
നിർമ്മല സീതാരാമന്റെ ഒൻപതാം ബഡ്‌ജറ്റ്
തുടർച്ചയായ ഒൻപതാം ബഡ്‌ജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബഡ്‌ജറ്റാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ 88ാം ബഡ്‌ജറ്റും. പത്ത് ബഡ്‌ജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയ്ക്കാണ് നിലവിൽ റെക്കാഡ്.
വളർച്ചയ്ക്ക് ഊർജം പകരാൻ നടപടിയുണ്ടാകും
കഴിഞ്ഞ വർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി പൂർണമായും ഒഴിവാക്കി ഇടത്തരക്കാർക്ക് ആശ്വാസം പകർന്നതിന്റെ തുടർച്ചയുണ്ടാകുമോയെന്നാണ് വിപണി കാത്തിരിക്കുന്നത്. ശമ്പളക്കാർക്ക് നിലവിൽ സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ ഉൾപ്പെടെ 12.75 ലക്ഷം രൂപയുടെ വരുമാനത്തിന് നികുതി നൽകേണ്ടതില്ല. സർക്കാരിന് വലിയ നികുതി നഷ്‌ടമുണ്ടാകുന്നതിനാൽ ഇത്തവണ വലിയ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |