SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കേന്ദ്ര ബഡ്‌ജറ്റ്, യൂറോപ്യൻ യൂണിയൻ കരാർ, ആയുർവേദത്തിൽ കേരളത്തിന് പ്രതീക്ഷ

Increase Font Size Decrease Font Size Print Page
ayurveda

കൊച്ചി: കേന്ദ്ര- സംസ്ഥാന ബഡ്‌ജറ്റ് നിർദ്ദേശങ്ങളും യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട വ്യാപാരക്കരാറും ആയുർവേദ മേഖലയിൽ കേരളത്തിന് മുതൽക്കൂട്ടാകും. സർക്കാരും സ്വകാര്യമേഖലയും ഒത്തുപിടിച്ചാൽ വൻനേട്ടങ്ങളുണ്ടാക്കാം. എയിംസ് മാതൃകയിൽ ആരംഭിക്കുന്ന അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്ന് കേരളത്തിന് ലഭിക്കാൻ സാദ്ധ്യതയേറെയാണ്.

ബഡ്‌ജറ്റ് നിർദ്ദേശങ്ങളെയും വ്യാപാരക്കരാറിനെയും വൻപ്രതീക്ഷയോടെയാണ് ആയുർവേദ മേഖല കാണുന്നത്. ആഭ്യന്തരമായും വിദേശത്തും ആയുർവേദത്തിന് വിപുലമായ സാദ്ധ്യതകളും കൂടുതൽ അംഗീകാരവും വരുമാനവും കൈവരിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് അഖിലേന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് അർഹതപ്പെട്ടതാണെന്നും ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ലഭ്യമാക്കി കേരളം നേ‌ടിയെടുക്കണമെന്ന് ആയുർവേദ മേഖല നിർദ്ദേശിക്കുന്നു. സർക്കാരിന് പുറമെ എം.പിമാരും രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമ്മർദ്ദം ചെലുത്തി നേടിയെടുത്താൽ നേട്ടമാകും.

യൂറോപ്പിന് പ്രിയങ്കരം

യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാർ ആയുർവേദത്തിന് പുത്തൻ പ്രതീക്ഷ നൽകുന്നു. ആയുർവേദത്തിന് യൂറോപ്യൻ യൂണിയനിൽ പ്രചാരമുണ്ട്. ആയുർവേദം, അലോപ്പതി എന്നിവ സംയോജിപ്പിക്കുന്ന ചികിത്സയോട് താത്പര്യവുമുണ്ട്.

ഇന്ത്യൻ ആയുർവേദ മരുന്നുകൾക്ക് കരാറിലൂടെ അംഗീകാരം ലഭിച്ചാൽ വൻനേട്ടമാകും. മരുന്ന് കയറ്റുമതിക്കും യൂറോപ്പിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാനും കഴിയും.

യൂറോപ്യൻ സഞ്ചാരികൾ ആയുർവേദ ചികിത്സ തേടി ധാരാളമായി എത്തുന്നുണ്ട്. യൂറോപ്പിൽ പ്രചാരണം നടത്തിയാൽ ചികിത്സയ്‌ക്കായി കേരളത്തിലേയ്‌ക്ക് കൂടുതൽപ്പേരെ ആകർഷിക്കാൻ കഴിയും. മെഡിക്കൽ ടൂറിസം വർദ്ധിപ്പിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയും ആയുഷ് മേഖലയ്‌ക്ക് ഗുണകരമാകും.

കേന്ദ്ര ബഡ്‌ജറ്റിൽ

മൂന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ

ആയുഷ് ഫാർമസികളും ടെസ്‌റ്റിംഗ് ലാബുകളും നവീകരിക്കും

ഗുജറാത്തിലെ ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രകേന്ദ്രം നവീകരിക്കും

ആയുഷ് വകുപ്പിന് 448.93 കോടി

നാഷണൽ ആയുഷ് മിഷന് 1300 കോടി

ആയുർവേദത്തിന് പ്രചാരണം നൽകി യൂറോപ്യന്മാരെ ആകർഷിച്ചാൽ വലിയ നേട്ടമാകും. ചികിത്സയ്‌ക്ക് പ്രാധാന്യം നൽകി അവസരം വിനിയോഗിക്കണം.

ഡോ. എ.വി. അനൂപ്

എം.ഡി. എ.വി.എ ഗ്രൂപ്പ്,

നാഷണൽ കോ ഓർഡിനേറ്റർ

ആയുർവേദ മെഡിസിൻ മാനുഫാക്‌ചററേഴ്സ് ഓർഗനൈസേഷൻ ഇന്ത്യ

കരാർ നടപ്പാകുമ്പോൾ ആയുർവേദ ഡോക്ടർമാർക്കും ഔഷധ മേഖലയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഡോ. രവികുമാർ കല്യാണിശേരിൽ

വർക്കിംഗ് പ്രസിഡന്റ്

വിശ്വ ആയുർവേദ പരിഷത്ത്

ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ കേരളത്തിന് ഗുണകരമാണ്. നേടിയെടുക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്.

ഡോ. അജിത്കുമാർ

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ

TAGS: BUSINESS, AYURVEDA KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY