
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ വ്യക്തമാക്കി. പള്ളികളിൽ വരുന്നതിൽ നിന്ന് സ്ത്രീകളെ തടയരുതെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് നിസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാൽ സ്ത്രീകൾ പള്ളിയിൽ തന്നെ നിസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും ബോർഡ് വാദിച്ചപ. നിസ്ക്കരിക്കുന്നതിന് സ്ത്രീകൾക്ക് പ്രാർത്ഥന കൂട്ടായ്മകളുടെ ഭാഗമാകേണ്ട കാര്യമില്ല. വീട്ടിലിരുന്ന് പ്രാർത്ഥിക്കാവുന്നതേയുള്ളു. പള്ളിയിൽ വന്നു പ്രാർത്ഥിക്കണമെങ്കിൽ അതാകാമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ അഭിഭാഷകൻ എം.ആർ. ഷംസാഹദ് അറിയിച്ചു. പള്ളികളിൽ ശ്രീകോവിൽ സങ്കൽപമില്ല. എന്നാൽ, ദർഗകളിലുണ്ടെന്നും കൂട്ടിച്ചേർത്തു. എല്ലാവരും പള്ളിയിലേക്ക് പോയാൽ കുട്ടികളെ ആരു നോക്കുമെന്നതാണോ സ്ത്രീകൾ വീട്ടിൽ പ്രാർത്ഥിച്ചാൽ മതിയെന്നതിന് കാരണമെന്ന് ബെഞ്ചിലെ ജസ്റ്റിസ് അഹ്സാനുദ്ദിൻ അമാനുള്ള ചോദിച്ചു. സുപ്രിംകോടതി ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.
ശബരിമല യുവതീപ്രവേശന വിഷയത്തിനൊപ്പം, ദാവൂദി ബോറ സമുദായത്തിലെ ചേലാകർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്ത ഹർജികളും ലിസ്റ്റ് ചെയ്തിരുന്നു. അതിലാണ് ഒൻപതംഗ അംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോർഡിന്റെ അഭിഭാഷകൻ നിലപാടറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |