SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

കറുത്ത വെള്ളിയിൽ തകർന്നടിഞ്ഞ് വിപണികൾ

Increase Font Size Decrease Font Size Print Page
share

ഓഹരി, സ്വർണം, വെള്ളി വിലയിൽ ഇടിവ്

കൊച്ചി: ഐ.ടി കമ്പനികളുടെ ബിസിനസ് ഇടിയുമെന്ന ആശങ്കയിൽ രാജ്യത്തെ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനം ഇന്ത്യൻ ഐ.ടി കമ്പനികളുടെ കയറ്റുമതി കരാറുകളിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് പ്രവചനങ്ങൾ. അമേരിക്കയിൽ നാണയപ്പെരുപ്പം ശക്തമായതിനാൽ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് ഉടനെ കുറയ്ക്കില്ലെന്ന വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി.

സെൻസെക്‌സ് ഇന്നലെ 1,048.16 പോയിന്റ് തകർച്ചയോടെ 82,626.76ൽ അവസാനിച്ചു. നിഫ്‌റ്റി 336.1 പോയിന്റ് ഇടിഞ്ഞ് 25,471.10ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും കനത്ത തകർച്ച നേരിട്ടു. കേരളം ആസ്ഥാനമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 12 ശതമാനം ഇടിഞ്ഞു. ഇൻഫോസിസ്, ഹിണ്ടാൽകോ, എറ്റേണൽ, ടി.സി.എസ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് ഇന്നലെ തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.

ആഗോള തലത്തിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ മെറ്റൽ ഓഹരികൾ കനത്ത വിലയിടിവ് നേരിട്ടു. റിയൽറ്റി, വാഹന, കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിട്ടു.

രൂപയ്ക്കും അതിസമ്മർദ്ദം

വിദേശ നിക്ഷേപകർ വലിയ തോതിൽ പിന്മാറിയതോടെ ഡോളറിനെതിരെ രൂപ മൂന്ന് പൈസ നഷ്‌ടവുമായി 90.64ൽ അവസാനിച്ചു. അമേരിക്കയിൽ പലിശ കുറയാൻ സാദ്ധ്യത കുറഞ്ഞതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും തിരിച്ചടിയായി.

ക്രൂഡോയിൽ വില ഉയരുന്നു

ഇറാനുമായുള്ള രാഷ്‌ട്രീയ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇന്നലെ ശക്തമായി തിരിച്ചുകയറി. നിലവിൽ ബാരലിന്റെ വില 67.8 ഡോളറിലാണ്.

സ്വർണത്തിലും വീഴ്ച

നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതും യു.എസിലെ പലിശ അനിശ്ചിതത്വങ്ങളും സ്വർണ വിലയിൽ ഇടിവുണ്ടാക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഒരവസരത്തിൽ ഔൺസിന് 4,920 ഡോളറിലേക്ക് താഴ്‌ന്നു. ഇതോടെ കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,400 രൂപ കുറഞ്ഞ് 1,13,760 രൂപയിലെത്തി. ഗ്രാമിന്റെ വില 300 രൂപ കുറഞ്ഞ് 14,220 രൂപയായി. വെള്ളി വില കിലോയ്ക്ക് 10,000 രൂപ കുറഞ്ഞ് 2.8 ലക്ഷം രൂപയിലെത്തി.

നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്

6.5 ലക്ഷം കോടി രൂപ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY