
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദ്ദത്തിലൂടെ നേടിയെടുത്ത നിർദ്ദിഷ്ട കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി പെരുവഴിയിൽ. സംസ്ഥാനത്ത് സ്ഥലമേറ്റെടുക്കൽ പൂർത്തിയാകാത്തതും ദേശീയപാതയുടെ പലസ്ഥലങ്ങളിലും മേൽപ്പാലങ്ങളുടെ നിർമ്മാണങ്ങൾ നടക്കുന്നതുമാണ് കാരണം. പാലക്കാട്ട് 1152 ഏക്കർ ഭൂമി ഏറ്റെടുത്തെങ്കിലും മറ്റിടങ്ങളിൽ വൈകുകയാണ്.
ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി, പരമ്പരാഗത വ്യവസായം എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്ററുകളാണ് കേരളഭാഗത്ത് ലക്ഷ്യമിട്ടിരുന്നത്. രണ്ട് സംയോജിത നിർമ്മാണ ക്ലസ്റ്ററുകളിൽ ഒന്ന് പാലക്കാട് കേന്ദ്രീകരിച്ചാണ്. ആലുവ അയ്യമ്പുഴയിൽ ഗ്ലോബൽ സിറ്റിയും വിഭാവനം ചെയ്തിരുന്നു. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റർ നീളത്തിലാണ് സംയോജിത ക്ലസ്റ്റർ. തൃശൂരിലെ വ്യവസായ ഇടനാഴിയുടെ ഭാഗമായി ക്ലസ്റ്റർ പാർക്കും വിഭാവനം ചെയ്തിരുന്നു.
ബംഗളൂരു- ചെന്നൈ വ്യവസായ ഇടനാഴി തമിഴ്‌നാടിന്റെ കടുംപിടിത്തത്തിലൂടെയാണ് കോയമ്പത്തൂരിലെത്തിച്ചത്. അവിടെനിന്ന് പാലക്കാട് വഴി കൊച്ചിയിലേക്ക് പദ്ധതി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് 2019ലാണ് അനുമതി നൽകിയത്.
ഭക്ഷ്യസംസ്‌കരണം മുതൽ
ഐ.ടി വ്യവസായം വരെ
1.കൊച്ചി മുതൽ പാലക്കാട് വരെയാണ് വ്യവസായ ക്ലസ്റ്ററുകൾ പദ്ധതിയിട്ടിരുന്നത്. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്, എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജ് എന്നിവിടങ്ങളിലാണ് പദ്ധതികൾ
2.ഭക്ഷ്യസംസ്‌കരണം, ലൈറ്റ് എൻജിനിയറിംഗ് ജൂവലറി, പ്ലാസ്റ്റിക്കിന്റെയും ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണവാതക ഇന്ധനം, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയവയാണ് പാലക്കാട്ടെ പദ്ധതി. ഇക്വിറ്റി, ഇൻഷ്വറൻസ്, ബാങ്കിംഗ്, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ അയ്യമ്പുഴയിലും
3.സ്വകാര്യ മേഖലയിൽ നിന്ന് പതിനായിരംകോടി നിക്ഷേപവും പതിനായിരം പേർക്ക് തൊഴിലും ലഭിക്കുമെന്നുമാണ് വിലയിരുത്തൽ
1,152 ഏക്കർ
പാലക്കാട്ട് കണ്ണമ്പ്ര, ഉഴലപ്പതി,
പുതുശേരി എന്നിവിടങ്ങളിലായി
ഏറ്റെടുത്ത ഭൂമി
1,194 കോടി
ഇതിനായി സംസ്ഥാന
സർക്കാർ മുടക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |