
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയർസെല്ലർ മീറ്റ് 'ട്രേഡക്‌സ് കേരള 2026' ൽ എം.എസ്.എം.ഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മിൽ 146 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. സംരംഭകർക്ക് 81 കോടിയിലധികം രൂപയുടെ വ്യാപാരക്കരാറുകൾ ലഭിച്ചു. കരാറുകളുടെ ഭാഗമായി 12 വ്യാപാര ഓർഡറുകളും ലഭിച്ചു. ഓർഡറുകളുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകൾ ഉടൻ ആരംഭിക്കും.
അന്താരാഷ്ട്ര വ്യാപാരമേഖലയിൽ എം.എസ്.എം.ഇകളുടെ മുന്നേറ്റത്തിന് 'ട്രേഡക്‌സ് കേരള 2026' വഴിയൊരുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് 'ട്രേഡക്‌സ് കേരള 2026' കേരളത്തിലെ സംരംഭകരെ അന്താരാഷ്ട്ര കമ്പനികളുമായി ബന്ധിപ്പിക്കുന്ന സ്ഥിരം വേദിയായി മാറ്റുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് പറഞ്ഞു.
കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റ് ബുധനാഴ്ച സമാപിച്ചു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 31 അന്താരാഷ്ട്ര ബയേഴ്‌സും സംസ്ഥാനത്തെ ഒമ്പത് പ്രധാന മേഖലകളിൽ നിന്നുള്ള 400ലധികം എം.എസ്.എം.ഇകളും മീറ്റിൽ പങ്കെടുത്തു. അഡീഷണൽ ഡയറക്ടർ ജി.രാജീവ്, കെബിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്, എഫ്.ഐ.ഇ.ഒ ജോയിന്റ് ഡയറക്ടർ ജനറൽ ഉണ്ണിക്കൃഷ്ണൻ കെ, കൊച്ചി കസ്റ്റംസ് ഹൗസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ്, റാംപ് പ്രോഗ്രാം എസ്.പി.ഐ.യു സംസ്ഥാന മേധാവി ആനന്ദ് ശർമ്മ,വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പ്രേംരാജ് പി, ഡെപ്യൂട്ടി ഡയറക്ടർ എം. ഷബീർ എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയിൽ ഞാൻ ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ആഗോള വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ട്രേഡെക്‌സ് കേരള പോലുള്ള കൂടുതൽ സംരംഭങ്ങൾ നടത്തണം
ജോർജ്
അവീക്കോ ട്രേഡിംഗ് ജി.എം.ബി.എച്ച്
ഓസ്ട്രിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |