
ആറ് വർഷത്തിനിടെ നിക്ഷേപത്തിലുണ്ടായ വർദ്ധന 3.4 മടങ്ങ്
മുംബയ്: ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. 2020- 26 സാമ്പത്തിക വർഷത്തിൽ 3.4 മടങ്ങ് മലയാളി നിക്ഷേപകർ വർദ്ധിച്ചതായി നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻ.എസ്.ഇ) കണക്കുകൾ വ്യക്തമാക്കുന്നു. 31.8 ലക്ഷമാണ് കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം. 2010 സാമ്പത്തിക വർഷം മുതലുള്ള കണക്ക് നോക്കിയാൽ ഒമ്പത് മടങ്ങാണ് വർദ്ധന. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലെ നിക്ഷേപകരിൽ 17.5% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 മുതലുള്ള പുതിയ നിക്ഷേപക രജിസ്ട്രേഷനുകൾ 20.6 ലക്ഷമാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച മാദ്ധ്യമ പര്യടനത്തിന്റെ ഭാഗമായി മുംബയിൽ എൻ.എസ്.ഇ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടുതൽ നിക്ഷേപകർ എറണാകുളത്ത്
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപകർ കൂടുതലായി ചേർന്നത് എറണാകുളം ജില്ലയിൽ നിന്നാണ് (12.2%)- 1.7 ലക്ഷം. തൊട്ട് പിന്നാലെ തൃശ്ശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട്. ഏറ്റവും പിന്നിൽ വയനാടും (0.3%) ഇടുക്കിയുമാണ് (0.4%).
വനിതാ നിക്ഷേപകർ ദേശീയ ശരാശരിയേക്കാൾ മുകളിൽ
കേരളത്തിലെ വനിതാ നിക്ഷേപക പങ്കാളിത്ത നിരക്ക് 25.3 ശതമാനത്തിൽ നിന്ന് വർദ്ധിച്ച് 28.1 ശതമാനമായി. ഇത് ദേശീയ ശരാശരിയേക്കാൾ (24.7%) കൂടുതലാണ്.
ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നതല്ല ട്രേഡിംഗ്. യാഥാർത്ഥ്യമാണോ തട്ടിപ്പാണോ എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ദീർഘകാല നിക്ഷേപങ്ങളാണ് വേണ്ടത്. നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാം. അത് സ്വർണമോ മ്യൂച്ചൽ ഫണ്ടോ ഇൻഷ്വറൻസ് കമ്പനിയോ എന്നതല്ല, നിക്ഷേപകർക്ക് ലാഭമുണ്ടാകുകയാണ് വേണ്ടത്. കേരളത്തിൽ നിന്ന് ആശുപത്രികൾ ഉൾപ്പെടെ നിരവധി കമ്പനികൾ എൻ.എസ്.ഇയിലേക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.
ആശിഷ് കുമാർ ചൗഹാൻ
സി.ഇ.ഒ
മുംബൈ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |