
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം മുറുകുന്നതിനിടെയിലും കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരികൾ.
സെൻസെക്‌സ് 899.71 പോയിന്റ് മുന്നേറി 80,015.90ൽ അവസാനിച്ചു. നിഫ്‌റ്റി 285.40 പോയിന്റ് ഉയർന്ന് 24,765.90ൽ എത്തി. റിലയൻസ് ഇൻഡസ്ട്രീസ്, സ്‌റ്ററ്റ് ബാങ്ക് ഒഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യമുണ്ടായി. യുദ്ധം തുടങ്ങിയതിനു ശേഷം നാല് ദിവസമായി വിപണി കനത്ത തിരിച്ചടിയാണ് നേരിട്ടത്. യു.എസ് വിപണിയിൽ ബുധനാഴ്ച മികച്ച നേട്ടമുണ്ടായതോടെ ഏഷ്യയിലെ പ്രധാന ഓഹരി സൂചികകൾ മുന്നേറ്റപാതയിലായി. അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ തയ്യാറായെന്ന വാർത്തകളാണ് ലോകമെമ്പാടുമുള്ള വിപണികളിൽ ആവേശം പകർന്നത്.
നിക്ഷേപ ആസ്തിയിൽ ഇന്നലെയുണ്ടായ വർദ്ധന
4.5 ലക്ഷം കോടി രൂപ
കരുത്താർജിച്ച് രൂപ
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ ഗണ്യമായി മെച്ചപ്പെട്ടു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ വലിയ തോതിൽ ഡോളർ വിറ്റഴിച്ചതോടെ രൂപയുടെ മൂല്യം ഇന്നലെ 54 പൈസയുടെ നേട്ടവുമായി 91.60ൽ അവസാനിച്ചു.
ക്രൂഡോയിൽ വിലയിൽ ആശ്വാസമില്ല
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 85 ഡോളറിന് അടുത്ത് തുടരുകയാണ്. ആഗോള ഇന്ധന സുരക്ഷിതത്വത്തിന് കടുത്ത വെല്ലുവിളിയാണ് ക്രൂഡ് വിലയിലെ വർദ്ധനയെന്ന് വിദഗ്ദ്ധർ പറയുന്നു. ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ റഷ്യ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ക്രൂഡോയിൽ കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നുണ്ടെങ്കിലും ചെലവ് ഉയരുമെന്നതാണ് വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |