ബിസിനസ് ലോകത്തിന്റെ അന്ത്യാഞ്ജലി
കൊച്ചി: 90കളിൽ ഭാരതം സാമ്പത്തിക ഉദാരവത്കരണത്തിന്റെ നാളുകളിൽ ടാറ്റ സ്റ്റീലിനെ ലോകോത്തര നിലവാരത്തിലേക്കുയർത്തിയ ബിസിനസ് വിദഗ്ദ്ധനായിരുന്നു ഡോ. ജംഷെഡ് ജെ. ഇറാനി. 1968ൽ ടാറ്റ ഗ്രൂപ്പിനൊപ്പം ചേർന്ന അദ്ദേഹം 43 വർഷക്കാലത്തെ ഭാവനാപരമായ പ്രവർത്തനമികവിലൂടെയാണ് ടാറ്റാ സ്റ്റീലിനെ ഉയരങ്ങളിലെത്തിച്ചത്.
ഗുണനിലവാരത്തിലും ഉപഭോക്താക്കളുടെ സംതൃപ്തിയിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ടാറ്റ സ്റ്റീൽ വിപണിയിൽ അത്ഭുതം വിരിയിച്ചത്. അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ പ്രാപ്തി കൈവരിച്ചതിനൊപ്പം തന്നെ ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്റ്റീൽ ലഭ്യമാക്കാനും ഇറാനിയുടെ പ്രവർത്തന വൈദഗ്ദ്ധ്യത്തിലൂടെ ടാറ്റയ്ക്ക് കഴിഞ്ഞു.
റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടറുടെ അസിസ്റ്റന്റായി ടാറ്റയിൽ ജോലി തുടങ്ങിയ ഇറാനി പടിപടിയായി വളർന്നാണ് മാനേജിംഗ് ഡയറക്ടർ പദവിയിലെത്തിയത്. 2011ൽ വിരമിച്ച ശേഷം ബോർഡ് ഒഫ് ടാറ്റ സ്റ്റീലിൽ നോൺ എക്സിക്യുട്ടീവ് ഡയറക്ടറായി. ഇതിന് പുറമേ ടാറ്റസൺസ് ഉൾപ്പടെ നിരവധി കമ്പനികളിലും ഡയറക്ടറായിരുന്നു.
ടാറ്റയുടെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു.
കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ് ദേശീയ പ്രസിഡന്റായി 1992-93 കാലയളവിൽ നിയമിതനായ ഇറാനിയെ ഇന്ത്യയുടെ കമ്പനി ആക്ട് രൂപീകരിക്കുന്നതിനുള്ള വിദഗ്ദ്ധ സമിതിയുടെ ചെയർമാനായും ഗവൺമെന്റ്
നിയോഗിച്ചു.
ഇതിന് പുറമേ റോയൽ അക്കാദമി ഒഫ് എൻജിനിയറിംഗിന്റെ ഇന്റർനാഷണൽ ഫെലോ, ഇൻഡോ -ബ്രിട്ടീഷ് വ്യാപാര സഹകരണത്തിനുള്ള ഓണററി നൈറ്റ് ഹുഡ് തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. മെറ്റലർജി മേഖലയിലെ സേവനങ്ങളെ മാനിച്ച് ഇന്ത്യ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |