SignIn
Kerala Kaumudi Online
Friday, 26 April 2024 8.51 AM IST

സമ്പദ്‌വളർച്ച: തിളക്കം നിലനിറുത്താൻ ഇന്ത്യ

gdp

 രണ്ടാംപാദ ജി.ഡി.പി വളർച്ചാനിരക്ക് 30ന് അറിയാം

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തെ (2022-23) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിലെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ചാനിരക്ക് കേന്ദ്രസർക്കാർ 30ന് പുറത്തുവിടും. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യയ്ക്ക് നിലനിറുത്താനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൊവിഡ്, ഒമിക്രോൺ, യുക്രെയിനുമേലുള്ള റഷ്യൻ യുദ്ധം, നാണയപ്പെരുപ്പ ഭീഷണി, ഉയരുന്ന പലിശഭാരം, ആഗോള സാമ്പത്തിക മാന്ദ്യഭീതി എന്നിവയെയെല്ലാം കൂസാതെ ഇന്ത്യ മുന്നേറുകയാണെന്നാണ് സമ്പദ്‌വളർച്ച നിർണയിക്കുന്ന സുപ്രധാന കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

നെഗറ്റീവ് ട്രാക്കിലായിരുന്ന ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) പോസിറ്റീവ് പാതയിലായിട്ടുണ്ട്. ആഗസ്‌റ്റിലെ നെഗറ്റീവ് 0.7 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ പോസിറ്റീവ് 3.1 ശതമാനമായിട്ടുണ്ട്. രണ്ടാംപാദ വാഹനവില്പന 18.3 ശതമാനം മുന്നേറി 60.52 ലക്ഷം യൂണിറ്റുകളിലെത്തി. വിതരണശൃംഖലയിലെ തടസങ്ങൾ മാറുകയും ഉപഭോക്തൃവിപണി കരകയറിയതും ആഭ്യന്തര സമ്പദ്‌വളർച്ചയ്ക്ക് ഉണർവായെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ജൂലായിൽ 6.71 ശതമാനമായിരുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ആഗസ്‌റ്റിൽ ഏഴ് ശതമാനവും സെപ്തംബറിൽ 7.41 ശതമാനവും ആകുകയും ആഗസ്‌റ്റിലെയും ഒക്‌ടോബറിലെയും ധനനയ നിർണയ സമിതിയുടെ (എം.പി.സി) യോഗങ്ങളിൽ റിസർവ് ബാങ്ക് റിപ്പോനിരക്ക് അരശതമാനം വീതം കൂട്ടുകയും ചെയ്‌തത് ജി.ഡി.പി വളർച്ചയുടെ വേഗത്തെ ബാധിച്ചിട്ടുണ്ട്.

വളർച്ചയുടെ വേഗം കുറയും

നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യ 13.5 ശതമാനം വളർന്ന് ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തിയിരുന്നു. രണ്ടാംപാദമായ ജൂലായ്-സെപ്തംബറിൽ വളർച്ചാനിരക്ക് 6-7 ശതമാനത്തിനുള്ളിലാകുമെന്നാണ് പൊതുവിലയിരുത്തൽ. ആഗോള സമ്പദ്‌പ്രതിസന്ധി, ഉയർന്ന നാണയപ്പെരുപ്പം, പലിശവർദ്ധന എന്നിവയാണ് മുഖ്യതിരിച്ചടികൾ.

വളർച്ചാനിരക്ക് കഴിഞ്ഞപാദങ്ങളിൽ

2021-22

 ഏപ്രിൽ-ജൂൺ : 20.1%

 ജൂലായ്-സെപ്‌തംബർ : 8.4%

 ഒക്‌ടോബർ-ഡിസംബർ : 5.4%

 ജനുവരി-മാർച്ച് : 4.1%

2022-23

 ഏപ്രിൽ-ജൂൺ : 13.5%

എതിരാളികളുടെ തളർച്ച

ജി.ഡി.പി വളർച്ചയിൽ ഇന്ത്യയുടെ മുഖ്യഎതിരാളികളെല്ലാം തളർച്ചയിലാണ്. ചൈന 3.9 ശതമാനം,​ അമേരിക്ക 2.6 ശതമാനം,​ ജർമ്മനി 0.4 ശതമാനം,​ ബ്രിട്ടൻ നെഗറ്റീവ് 0.2 ശതമാനം എന്നിങ്ങനെയാണ് പ്രമുഖ രാജ്യങ്ങൾ വളർന്നത്.

ഇന്ത്യ തിളങ്ങും

വാർഷിക വളർച്ചയിൽ ഏറ്റവും തിളക്കം ഇന്ത്യയ്ക്കായിരിക്കുമെന്നാണ് ലോകത്തെ ഒട്ടുമിക്ക റേറ്റിംഗ്, ഗവേഷണ ഏജൻസികളും പ്രവചിക്കുന്നത്. 2022ലെ ഗോൾഡ്‌മാൻ സാച്‌സിന്റെ വളർച്ചാപ്രവചനം ഇങ്ങനെ:

 ലോകം : 2.9%

 അമേരിക്ക : 1.9%

 യൂറോമേഖല : 3.3%

 ജർമ്മനി : 1.8%

 ചൈന : 3.0%

 ബ്രിട്ടൻ : 4.4%

 ഇന്ത്യ 6.9%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDIA GDP, GDP GROWTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.