ന്യൂഡൽഹി: രാജ്യത്തെ ചരക്കു സേവന നികുതി (ജി.എസ്.ടി) വരുമാനത്തിൽ റെക്കാഡ് വർദ്ധന. ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി. സമാഹരണം. 2022 ഏപ്രിലേതിനേക്കാൾ 12 ശതമാനം വർദ്ധിച്ചാണ് ഇത്തവണ എക്കാലത്തെയും ഉയരത്തിലെത്തിയത്. അന്ന് 1.68 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 2023 ഏപ്രിലിൽ സമാഹരിച്ച മൊത്തം ജി.എസ്.ടി വരുമാനം 1,87,035 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. മൊത്ത സമാഹരണത്തിൽ സി.ജി.എസ്.ടി 38,440 കോടി രൂപയും എസ്.ജി.എസ്.ടി 47,412 കോടി രൂപയുമാണ്. 34,972 കോടി രൂപ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്തത് ഉൾപ്പെടെ ഐ.ജി.എസ്.ടി 89,158 കോടി രൂപ ലഭിച്ചു. ഇറക്കുമതിയിലൂടെ ലഭിച്ച 901 കോടി രൂപ ഉൾപ്പെടെ സെസ് 12,025 കോടി രൂപയാണെന്നും ധനമന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം ഏപ്രിലിൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 16 ശതമാനം കൂടുതലാണ്.
2022-23 സാമ്പത്തിക വർഷത്തിലെ മൊത്ത കളക്ഷൻ 18.10 ലക്ഷം കോടി രൂപയാണ്, മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണ്.
ഒരു ദിവസം 68,228 കോടി രൂപ
ജി.എസ്.ടി സമാഹരണത്തിൽ ഏറ്റവും വലിയ ഏകദിന കലക്ഷൻ ലഭിച്ചത് ഏപ്രിൽ 20നാണ്. ഈ ഒരു ദിനത്തിൽ മാത്രം 9.8 ലക്ഷം ഇടപാടുകളിൽ നിന്നായി 68,228 കോടി രൂപയുടെ ജി.എസ്.ടി ലഭിച്ചു. കഴിഞ്ഞവർഷം രേഖപ്പെടുത്തിയ 57,846 കോടി രൂപയായിരുന്നു നേരത്തെ റെക്കോഡ്.
9 കോടി ഇ-വേ ബില്ലുകൾ
2023 മാർച്ചിൽ നടന്ന ഇടപാടുകളുടെ ജി.എസ്.ടിയാണ് ഏപ്രിലിൽ സമാഹരിച്ചത്. 9 കോടി ഇ-വേ ബില്ലുകളാണ് മാർച്ചിൽ ജനറേറ്റ് ചെയ്തത്. ഫെബ്രുവരിയിലെ 8.1 കോടിയേക്കാൾ 11 ശതമാനം വർദ്ധന. 50,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള അന്തർ സംസ്ഥാന ചരക്കുനീക്കത്തിന് ആവശ്യമായ രേഖയാണ് ഇ-വേ ബിൽ. രാജ്യത്ത് സാമ്പത്തിക രംഗത്തുണ്ടാകുന്ന പുരോഗതിയാണ് ഇ-വേ ബില്ലുകളുടെ വർദ്ധനയിലൂടെ കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
കേരളത്തിൽ 3,010 കോടി രൂപ
കേരളത്തിലെ ജി.എസ്.ടി. വരുമാനത്തിലും കഴിഞ്ഞ മാസം റെക്കാഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2022 ഏപ്രിലിൽ 2,869 കോടി രൂപയായിരുന്ന സംസ്ഥാനത്തെ ജി.എസ്.ടി സമാഹരണം ഇത്തവണ 3,010 കോടി രൂപയായി. കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വർദ്ധന. കഴിഞ്ഞ മാർച്ചിൽ ഇത് 2,345 കോടി രൂപയും ഫെബ്രുവരിയിൽ 2,326 കോടി രൂപയുമായിരുന്നു. കഴിഞ്ഞമാസം ജി.എസ്.ടി പിരിവിൽ 61 ശതമാനം വർദ്ധന നേടിയ സിക്കിമാണ് വളർച്ചാനിരക്കിൽ ഏറ്റവും മുന്നിലുള്ളത്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവുമധികം (33,196 കോടി രൂപ) ജി.എസ്.ടി വരുമാനം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |