SignIn
Kerala Kaumudi Online
Tuesday, 07 May 2024 5.04 AM IST

സംസ്ഥാന ബഡ്‌ജറ്റ് ഇന്ന്: കൂട്ടണം വരുമാനം, തൊഴിൽ; കുറയ്ക്കണം കടം, നികുതിച്ചോർച്ച

kn-balagopal

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെയും തന്റെയും ആദ്യ സമ്പൂർണ ബഡ്‌ജറ്റ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മുന്നിലെ വെല്ലുവിളികൾ ചില്ലറയല്ല. ചെകുത്താനും കടലിനും നടുവിൽ എന്നപോലെ, വരുമാനത്തകർച്ചയ്ക്കും കടക്കെണിക്കും മദ്ധ്യേപെട്ട് പതറുന്ന കേരളത്തെ ആശ്വാസതീരത്തേക്ക് അടുപ്പിക്കണം.

സമ്പദ്‌പ്രതിസന്ധിയിൽ നിന്ന് കരകയറാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ബാലഗോപാലിന്റെ ആവനാഴിയിലെ ആയുധങ്ങൾക്ക് എന്തുമൂർച്ചയുണ്ടാകുമെന്നാണ് കേരളത്തിന്റെ ഉറ്റുനോട്ടം.

നടപ്പുവർഷം ജനുവരിവരെയുള്ള കാലയളവിൽ കേരളത്തിന്റെ റവന്യൂ വരുമാനം 86,720 കോടി രൂപയാണ്. ചെലവാകട്ടെ 1.29 ലക്ഷം കോടി രൂപയും. ധനക്കമ്മി 44,000ഓളം കോടി രൂപ. വരുമാനത്തിലെ 77,750 കോടി രൂപയും ചെലവാക്കിയത് ശമ്പളവും പെൻഷനും കൊടുക്കാനാണ്. ജി.എസ്.ടി നഷ്‌ടപരിഹാരം ജൂൺ മുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടില്ല. അതായത്, 2022-23ൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ വരുമാന പ്രതിസന്ധിയാണ്. ഇതുതരണം ചെയ്യാനുള്ള പദ്ധതികളും ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നു.

ന്യായവിലയും നികുതികളും

ഭൂമിയുടെ ന്യായവില ഉയർത്തുമെന്ന സൂചന സർക്കാർ തന്നെ നൽകിക്കഴിഞ്ഞു. 10-20 ശതമാനം വർദ്ധന പ്രതീക്ഷിക്കാം. ഇതുവഴി സ്‌റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് വരുമാനത്തിൽ ഉണർവുണ്ടാകും. സാധാരണക്കാരെ വലച്ചുള്ള നികുതിവർദ്ധന ഉണ്ടാവില്ലെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. മദ്യനികുതി കൂട്ടിയേക്കാം. ഇന്ധനസെസിനും സാദ്ധ്യത കാണുന്നു.

കടക്കെണിയും

സമ്പദ്‌വളർച്ചയും

2021-22ൽ കേരളത്തിന്റെ കടബാദ്ധ്യത മൂന്നുലക്ഷം കോടി രൂപ കടന്നിരുന്നു. നടപ്പുവർഷം ആദ്യ ഒമ്പതുമാസത്തെ ചെലവിന്റെ 38 ശതമാനവും കടമെടുത്താണ്. പ്രളയവും കൊവിഡും മൂലം സേവനമേഖലയിൽ പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ജി.ഡി.പിയിൽ 64 ശതമാനം പങ്കുള്ള ടൂറിസം, ഹോട്ടൽ, റസ്‌റ്റോറന്റ്, ബാർ, വ്യാപാരമേഖലകളുടെ തളർച്ചയാണ് തിരിച്ചടിയായത്.

ആശകൾ ആകാശത്തോളം

വ്യാവസായിക നിക്ഷേപം ആകർഷിക്കുക (ഇലക്‌ട്രോണിക്‌സ്/ഗാഡ്ജറ്റ്, ചിപ്പ് മേഖലകൾക്ക് ഊന്നൽ), സംസ്ഥാന ജി.ഡി.പിയിൽ 10 ശതമാനം പങ്കുള്ളതും 25 ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നതുമായ ടൂറിസത്തെ കരകയറ്റുക, എം.എസ്.എം.ഇക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകുക തുടങ്ങിയ നടപടികളിലൂടെ തൊഴിലവസരങ്ങളും വരുമാനവും ഉയർത്താനാകും ധനമന്ത്രിയുടെ ശ്രമം.

ഐ.ടി., ഐ.ടി.ഇ.എസ്, കാർഷികം മേഖലകൾക്കും അഞ്ചുവർഷത്തിനകം 15,000 സ്‌റ്റാർട്ടപ്പുകളും രണ്ടുലക്ഷം തൊഴിലുമെന്ന മുഖ്യമന്ത്രിയുടെ ലക്ഷ്യത്തിനും വലിയ പിന്തുണയുണ്ടാകും.

ചെലവാക്കാത്ത

കാശും കിഫ്ബിയും

കഴിഞ്ഞ ബഡ്‌ജറ്റിൽ വിവിധ വികസനപദ്ധതികൾക്കായി നീക്കവച്ചതുകയിൽ 40 ശതമാനവും വിനിയോഗിച്ചില്ലെന്ന റിപ്പോർട്ടുകളുണ്ട്. ഈ ചീത്തപ്പേര് മാറ്റാൻ ശ്രമമുണ്ടാകും. 'കിഫ്‌ബി ബഡ്‌ജറ്റ്" എന്ന ദുഷ്‌പേര് ഒഴിവാക്കാൻ ധനമന്ത്രി ശ്രമിച്ചേക്കും. 70,000 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോൾ കിഫ്‌ബിയുടെ ചുമലിലുള്ളത്. മുന്തിയപങ്കും കടബാദ്ധ്യതയാണ്.

നികുതിപിരിവ്

നികുതി പിരിവ് ഊർജിതമാക്കുക, നികുതിച്ചോർച്ച തടയുക, നികുതി കുടിശിക പിരിക്കുക എന്നിവ കാര്യക്ഷമമാക്കിയാൽ തന്നെ സർക്കാരിന്റെ സാമ്പത്തികഞെരുക്കത്തിൽ വലിയൊരളവ് ആശ്വാസമുണ്ടാകും. മുൻധനമന്ത്രിമാർ പലരും പരാജയപ്പെട്ട ദൗത്യമാണിത്. ഇക്കാര്യത്തിൽ ബാലഗോപാലിന് എത്രത്തോളം മുന്നേറാനാകുമെന്ന് കണ്ടറിയാം.

ബഡ്‌ജറ്റ് പെട്ടി തുറക്കുമ്പോൾ

 വ്യവസായം

വ്യവസായ സൗഹൃദസംസ്ഥാനം എന്ന പ്രതിച്ഛായ സൃഷ്‌ടിച്ചാലേ ഈ രംഗത്ത് കേരളത്തിന് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനാകൂ. ലൈസൻസിംഗ്, നോക്കുകൂലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായക പ്രഖ്യാപനങ്ങൾ ഇക്കുറി ബഡ്‌ജറ്റിലുണ്ടായേക്കും.

 ആരോഗ്യം

കൊവിഡ് നാലാംതരംഗം ആരോഗ്യവിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരമുയർത്താൻ പിന്തുണയുണ്ടാകും.

 ഭക്ഷ്യപൊതുവിതരണം

സൗജന്യകിറ്റ് വിതരണം സർക്കാരിന് വലിയ കരുത്തും ജനപിന്തുണയും നൽകിയിരുന്നു. പൊതുവിതരണമേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. റേഷൻ കടകളെ വിവിധോദ്ദേശ്യ മേഖലയായി ആധുനികവത്കരിക്കും.

 തൊഴിലും വിദ്യാഭ്യാസവും

തൊഴിലവസരങ്ങൾ ഉയർത്തുകയെന്ന വൻ വെല്ലുവിളി ധനമന്ത്രി നേരിടുന്നുണ്ട്. കുടുംബശ്രീയെയും തൊഴിലുറപ്പ് പദ്ധതികളെയും വലിയതോതിൽ ഇക്കുറി ധനമന്ത്രി ബഡ്‌ജറ്റിൽ ആശ്രയിക്കും. കുടുംബശ്രീവഴി കൂടുതൽ സംരംഭങ്ങൾ പ്രതീക്ഷിക്കാം.

ആധുനിക സാങ്കേതികവിദ്യയ്ക്കു കൂടി ഊന്നലുള്ളവിധം വിദ്യാഭ്യാസ മേഖലയെ മാറ്റാൻ മന്ത്രി ശ്രമിച്ചേക്കും. തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളുമുണ്ടാകും.

 ടൂറിസം

കൊവിഡാനന്തര കേരളത്തിന്റെ തുറപ്പുചീട്ടുകളിലൊന്നാണ് ടൂറിസം. കാരവൻ ടൂറിസം, ഗ്രാമീണ ടൂറിസം എന്നിങ്ങനെ നവീനപദ്ധതികളിലേക്ക് കേരളം ചുവടുവച്ചുകഴിഞ്ഞു. ഈ പദ്ധതികൾക്ക് വലിയ പിന്തുണ ബഡ്‌ജറ്റിലുണ്ടാകും. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും. ടൂറിസം മാർക്കറ്റിംഗിന് വലിയ തുക നീക്കിവച്ചേക്കും.

 പ്രവാസിലോകം

കൊവിഡിൽ മടങ്ങിവന്ന പ്രവാസികൾക്ക് നാട്ടിൽ സ്വയംസംരംഭങ്ങൾ തുടങ്ങാൻ വായ്‌പാ പിന്തുണ ഉൾപ്പെടെ നൽകി സർക്കാർ ഒപ്പംനിന്നിരുന്നു. ഈ ബഡ്‌ജറ്റിലും പ്രവാസികളെ ഒപ്പംനിറുത്താൻ സർക്കാർ ശ്രമിക്കുമെന്നുറപ്പ്.

 കാർഷികം

വിഷരഹിത പച്ചക്കറി, പഴവർഗ കൃഷിക്ക് പ്രോത്സാഹനമുണ്ടാകും. പരമ്പരാഗത കൃഷിക്കുപകരം കേരളത്തിന് വലിയ സാദ്ധ്യതകളുള്ള മേഖലയ്ക്കാകും ഇക്കുറി കൂടുതൽ പരിഗണന. നാളികേരം, കയർ, സുഗന്ധവ്യഞ്ജന വിഭാഗങ്ങൾക്ക് പ്രോത്സാഹനമുണ്ടാകും.

 ഗതാഗതം

ഇലക്‌ട്രിക് വാഹനവില്പന വളർച്ചയ്ക്കും ചാർജിംഗ് സ്‌റ്റേഷനുകൾ ഒരുക്കാനും വലിയ പിന്തുണ ഉണ്ടായേക്കും. സർക്കാരിന്റെ അഭിമാനപദ്ധതിയായ കെ-റെയിലിനും വലിയ പ്രാമുഖ്യം ബഡ‌്ജറ്റിൽ പ്രതീക്ഷിക്കാം.

 പെൻഷൻ

സാമൂഹിക സുരക്ഷാ പെൻഷൻ ഓരോ ബഡ‌്ജറ്റിലും ധനമന്ത്രിമാർ ഉയർത്താറുണ്ട്. ഇക്കുറി ഈ ട്രെൻഡിന് മാറ്റത്തിനാണ് സാദ്ധ്യത. കേരളത്തിന്റെ സമ്പദ്‌സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പെൻഷൻതുക ഉയർത്തുമെന്നാണ് ധനമന്ത്രി അടുത്തിടെ പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KERALA BUDGET, STATE BUDGET 2022
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.