കൊച്ചി: ഇന്ത്യയിൽ നിന്നുള്ള തേയില കയറ്റുമതി 2022 ജനുവരി-നവംബറിൽ 18 ശതമാനം ഉയർന്നുവെന്നും ലേലവില ഇക്കാലയളവിൽ കിലോയ്ക്ക് 7 രൂപവരെ വർദ്ധിച്ചുവെന്നും ടീ ബോർഡ് വ്യക്തമാക്കി. 200 ദശലക്ഷം കിലോയാണ് ജനുവരി-നവംബറിൽ കയറ്റുമതി ചെയ്‌തത്. 2021 ജനുവരി-ഡിസംബറിലെ കയറ്റുമതി 176.53 ദശലക്ഷം കിലോഗ്രാമായിരുന്നു.
2022 ഡിസംബറിലെ കണക്കുകൂടി ലഭിക്കുമ്പോഴേക്കും കയറ്റുമതി 230 ദശലക്ഷം കിലോ കവിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. മുൻവർഷങ്ങളിൽ കുറഞ്ഞവില, ഉയർന്ന ഉത്‌പാദനച്ചെലവ് എന്നിവമൂലം പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് 2022 സമ്മാനിച്ചത് മികച്ചനേട്ടമാണ്. 2022ലെ മൊത്തം ഉത്‌പാദനത്തിൽ 90 ശതമാനവും സി.ടി.സി ഇനമായിരുന്നു. ഓർത്തഡോക്‌സ് ഇനം 10 ശതമാനമേയുള്ളൂ.
ഓർത്തഡോക്‌സ് ഇനത്തിനാണ് കയറ്റുമതിയിൽ കൂടുതൽ ഡിമാൻഡും വിലയും. സി.ടി.സിക്കും സമാന ട്രെൻഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ രംഗത്തുള്ളത്. അതേസമയം, ഇന്ത്യയിലെ ആളോഹരി തേയില ഉപഭോഗം 850 ഗ്രാമാണ്. ഇത് ഉയരേണ്ടതും തേയിലമേഖലയ്ക്ക് അനിവാര്യമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |