പൊതുമേഖല കമ്പനികളുടെ ഓഹരി വിൽക്കുന്നു
കൊച്ചി: പൊതുമേഖല ബാങ്കുകളുടെ ഓഹരി വിൽപ്പനയിലൂടെ 10,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ അഞ്ച് മുൻനിര പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണൽ ഇൻവെസ്‌റ്റ്മെന്റ്, ഓഫർ ഫോർ സെയിൽ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കുന്നത്. നടപ്പുസാമ്പത്തിക വർഷം മുതൽ രണ്ട് ഘട്ടങ്ങളായാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ബാങ്കുകളിൽ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഓഫർ ഫോർ സെയിൽ നടത്തുന്നത്.
ആഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയർത്തണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ നിബന്ധന പാലിക്കാനാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.
സർക്കാർ പങ്കാളിത്തം കുറയും
നിലവിൽ ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 98.25 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 96.38 ശതമാനവും യൂകോ ബാങ്കിൽ 95.39 ശതമാനവും സെൻട്രൽ ബാങ്കിൽ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സ്വകാര്യവൽക്കരണം പരണത്ത്
പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണ നടപടികൾ പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പകരം പൊതു മേഖല ബാങ്കുകളെ പ്രൊഫഷണലൈസ് ചെയ്ത് ലാഭക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികളാണ് നടക്കുന്നത്. ബി.പി.സി.എൽ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളെ സ്വകാര്യവൽക്കരിക്കാൻ നടത്തിയ നടപടിക്രമങ്ങൾ പരാജയപ്പെട്ടതാണ് നയ സമീപനത്തിൽ മാറ്റം വരുത്താൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |