ന്യൂഡൽഹി:അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിൽ 2020 ജൂണിൽ ചൈന അതിക്രമിച്ചു കയറിയതിന് തൊട്ടുപിന്നാലെ ഇന്ത്യ മിന്നൽ വേഗത്തിൽ യുദ്ധസന്നാഹം നടത്തിയിരുന്നതായി പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യ - ചൈന മിലിട്ടറിതല ചർച്ച ഇന്ന് നടക്കുകയാണ്. 19ാമത് കോർ കമാൻഡർ ചർച്ച അതിർത്തിയിലെ ചുഷുലിലാണ് നടക്കുന്നത്.
ഗാൽവനിൽ ചൈന അതിസാഹസം കാട്ടിയപ്പോൾ എന്തും നേരിടാനുള്ള ഒരുക്കത്തിലായിരുന്നു ഇന്ത്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 68,000 സൈനികരെയും 9000 ടൺ യുദ്ധസാമഗ്രികളുമാണ് മണിക്കൂറുകൾക്കകം കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം എത്തിച്ചത്. വ്യോമസേനയുടെ കൂറ്റൻ ട്രാൻസ്‌പോർട്ട് വിമാനങ്ങളായ സി 130 ജെ സൂപ്പർ ഹെർക്കുലിസ്, സി - 17 ഗ്ലോബ് മാസ്റ്റർ എന്നിവയാണ് പ്രത്യേക ഓപ്പറേഷന് ഉപയോഗിച്ചത്. 90 ടാങ്കുകളും, അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും 330 സൈനിക വാഹനങ്ങളും റഡാറുകളും എയർലിഫ്റ്റ് ചെയ്തു.
2001ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് അതിർത്തിയിൽ നടത്തിയ ഓപ്പറേഷൻ പരാക്രമത്തിന് തുല്യമായിരുന്നു ഗാൽവൻ സേനാവിന്യാസം.
ഇപ്പോൾ ഇന്ത്യയും ചൈനയും 60,000 സൈനികരെ വീതമാണ് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ളത്.
ഇന്ത്യയുടെ നീക്കങ്ങൾ
വ്യോമസേനയുടെ എസ്.യു 30 എം.കെ.ഐ, ജാഗ്വാർ ജെറ്റ് വിമാനങ്ങൾ അതിർത്തിയിൽ തുടർച്ചയായി നിരീക്ഷണപ്പറക്കൽ നടത്തി
ഡ്രോണുകൾ ഉപയോഗിച്ച് ചൈനീസ് സേനയെ നിരന്തരം നിരീക്ഷിച്ചു.
റാഫേൽ, മിഗ് - 29 വിമാനങ്ങളും വിന്യസിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |