പണ്ടുകാലത്ത് വളരെ കുറച്ചുപേരാണ് വിമാനയാത്രയെ ആശ്രയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല. ജോലിക്കും പഠനത്തിനും വിനോദയാത്രയ്‌ക്കുമായി വിമാനയാത്ര നടത്തുന്നവർ ഏറെയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി വിമാനയാത്രയെ സംബന്ധിച്ച ഭയപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വാൾ സ്ട്രീറ്റ് ജേണലിന്റെ ഒരു സമീപകാല അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. യാത്രയ്‌ക്കിടെ വിമാനത്തിൽ നിന്ന് വിഷവാതകം വരുന്നു എന്നതാണ് റിപ്പോർട്ട്.
വിമാനത്തിലെ "ബ്ലീഡ് എയർ" സിസ്റ്റത്തിൽ നിന്നാണ് ഈ പ്രശ്നം തുടങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എഞ്ചിനുകളിലൂടെ വായു വലിച്ചെടുക്കുമ്പോൾ ക്യാബിനുകളിൽ സമ്മർദ്ദം ഉണ്ടാകുന്നു. ഇതിലൂടെ സീലുകൾ തേഞ്ഞ് ഹൈഡ്രോളിക് ദ്രാവകം ഉൾപ്പെടെ ചോർച്ചയുണ്ടാകും. ഇതോടെ യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് ദോഷകരമായ വായു കടക്കുന്നു. ഇത് യാത്രക്കാരെ മാത്രമല്ല, പൈലറ്റിനെയും ക്യാബിൻക്രൂ അംഗങ്ങളെയും രോഗികളാക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ അപൂർവമെന്നാണ് വിമാന നിർമാതാക്കൾ പറയുന്നത്. എന്നാൽ, വിഷവാതകം ഉയരുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുത്തനെയുള്ള വർദ്ധനവ്
കഴിഞ്ഞ വർഷങ്ങളിൽ നിരവധി വിമാനങ്ങൾക്കുള്ളിൽ വിഷവാതകം ഉയർന്ന സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാസ എന്നിവയുടെ ഒരു ദശലക്ഷത്തിലധികം രേഖകൾ വിശകലനം ചെയ്‌താണ് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2014ൽ വെറും 12 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ, 2024ൽ 108 വിമാനങ്ങളിലാണ് ഇത്തരത്തിൽ വിഷവാതകം ഉയർന്നത്. യഥാർത്ഥ സംഖ്യ ഇതിലും കൂടുതലായിരിക്കാം. 2010 മുതൽ നോക്കുകയാണെങ്കിൽ ആയിരക്കണക്കിന് സംഭവങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്.
എയർബസ് എ320-ഫാമിലി ജെറ്റുകളിൽ ഈ പ്രവണത വ്യക്തമാണ്. 2024ൽ പല കമ്പനികളുടെ വിമാനത്തിലും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ നല്ല രീതിയിൽ വിമാനം വൃത്തിയാക്കുകയും ശരിയായ പരിശോധന നടത്തുകയും ചെയ്‌താൽ ഈ പ്രശ്‌നം ആവർത്തിച്ച് ഉണ്ടാകുന്നത് തടയാൻ സാധിക്കും.
രോഗികളാക്കുന്ന വിഷപ്പുക
പല സന്ദർഭങ്ങളിലും കണ്ണിൽ കാണാൻ സാധിക്കുന്ന പുകയാണ് വിമാനത്തിനുള്ളിൽ വരുന്നത്. വിയർക്കുമ്പോൾ സോക്‌സിൽ നിന്ന് വരുന്ന ഗന്ധം, നനഞ്ഞ നായയുടെ ഗന്ധം എന്നിവ പോലെ ശക്തമായ ദുർഗന്ധമാണ് ഈ സമയത്ത് ഉണ്ടാവുന്നത്. ചില സന്ദർഭങ്ങളിൽ ഈ പുക വളരെ വേഗം മറയും. എന്നാൽ, ചിലപ്പോൾ എമർജൻസി ലാൻഡിംഗ് വരെ നടത്തേണ്ടിവരാറുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിൽ യാത്രക്കാരോട് ഓക്‌സിജൻ മാസ്‌ക് ഉപയോഗിക്കാനും വിമാനജീവനക്കാർ ആവശ്യപ്പെടാറുണ്ട്.
തലകറക്കം, ഓക്കാനം, ഓർമക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ആദ്യമുണ്ടാകും. ചില പ്രശ്‌നങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കാനും സാദ്ധ്യതയുണ്ട്. ചില വിമാനത്തിലെ പൈലറ്റുമാർക്കും യാത്രക്കാർക്കും തലച്ചോറിന് പരിക്കും സ്ഥിരമായ നാഡിക്ക് ക്ഷതവും അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
'വിമാനം ലാൻഡ് ചെയ്‌തയുടനെ രോഗികളെ ആശുപത്രിയിൽ എത്തിക്കാറുണ്ട്. ഫുട്ബോൾ കളിക്കാർക്ക് ഉണ്ടാകുന്ന ഗുരുതര പരിക്കുകൾക്ക് സമാനമാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നവർക്കും ഉണ്ടാകുന്നത്. പുറമേ മുറിവുകളില്ലെങ്കിലും ആന്തരികമായി ഇങ്ങനെയുണ്ടാകുന്നു. നൂറിലധികം ഫ്ലൈറ്റ് അറ്റൻഡന്റുമാരെയും ഒരു ഡസനോളം പൈലറ്റുമാരെയും ഞാൻ ചികിത്സിച്ചിട്ടുണ്ട്. ഈ പ്രശ്‌നം ഉണ്ടായ ശേഷം വിമാനം പറത്താനാകാതെ ജോലി ഉപേക്ഷിക്കേണ്ടിവന്ന പൈലറ്റുമാരുമുണ്ട്' - ന്യൂറോളജിസ്റ്റായ ഡോ. റോബർട്ട് കനീക്കി പറഞ്ഞു.
വിമാന നിർമാതാക്കൾക്ക് പറയാനുള്ളത്
എഞ്ചിനുകളിൽ നിന്ന് നേരിട്ട് വായു വലിച്ചെടുക്കുന്നത് ഒഴിവാക്കുന്ന ഇലക്ട്രിക്കൽ ഡ്രൈവുള്ള കംപ്രസ്സറുകൾ 787 ഡ്രീംലൈനർ ഉപയോഗിക്കുന്നുണ്ടെന്നാണ് ബോയിംഗ് കമ്പനി ചൂണ്ടിക്കാട്ടുന്നത്. അവരുടെ വിമാനത്തിന്റെ ഡിസൈൻ ഈ പ്രശ്‌നങ്ങൾ പൂർണമായും ഒഴിവാക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. സുരക്ഷയ്‌ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ബോയിംഗ് വക്താവ് പറഞ്ഞു. തങ്ങളുടെ വിമാനങ്ങൾ എല്ലാ വായുസഞ്ചാര യോഗ്യതാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും കമ്പനി വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |