വാഷിംഗ്‌ടൺ: ചർച്ചയ്ക്കായി ഇന്ത്യ മേശയിൽ എത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാറോ. ഉഭയകക്ഷി വ്യാപാര കരാറിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ യുഎസ് സംഘം ഡൽഹിയിൽ എത്താനിരിക്കെയാണ് പ്രസ്‌താവന.
'ഇന്ത്യ മേശക്കരികിലേയ്ക്ക് വരുന്നു. അനുരഞ്ജനപരവും, മനോഹരവും, ക്രിയാത്മകവുമായ ഒരു സന്ദേശം പ്രധാനമന്ത്രി മോദി അയച്ചു. പ്രസിഡന്റ് ട്രംപ് അതിന് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇതെങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കാം'- എന്നാണ് ഒരു മാദ്ധ്യമത്തോട് പീറ്റർ പറഞ്ഞത്. ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആണെന്ന് വിളിച്ച പീറ്റർ മുൻപ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ വിമർശിക്കുകയും ചെയ്തിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായും വേദി പങ്കിടുന്നത് പ്രധാനമന്ത്രി മോദിക്ക് സുഖകരമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വ്യാപാര തടസങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് കഴിഞ്ഞയാഴ്‌ച വ്യക്തമാക്കിയിരുന്നു. 'വരും ആഴ്ചകളിൽ എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി മോദിയുമായി ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങൾക്കും വിജയകരമാവുന്ന വിധത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ'- എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാദ്ധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്ന് മോദിയും മറുപടി നൽകി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |