ഏകദേശം 1,000 അടി ഉയരമുള്ള 'മെഗാ സുനാമി' അമേരിക്കയുടെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി ശാസ്‌ത്രജ്ഞർ. കാസ്‌കാഡിയ സബ്‌ഡക്ഷൻ സോണിൽ ശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുന്നതോടെ ഇത് സംഭവിക്കുമെന്നാണ് അവർ പറയുന്നത്. 'പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിൽ' പ്രസിദ്ധീകരിച്ച വിർജീനിയ ടെക്കിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭൂകമ്പം മൂലം അമേരിക്കയുടെ തീരപ്രദേശത്തിന്റെ ചില ഭാഗങ്ങൾ 6.5 അടി വരെ താഴ്ന്നുപോകുമെന്നും ഇത് സുനാമിയെ കൂടുതൽ വിനാശകാരിയാക്കുമെന്നും പഠനം പറയുന്നു. എന്താണ് മെഗാ സുനാമി. ഇത് അമേരിക്കയുടെ ഏതൊക്കെ മേഖലകളെയാണ് ബാധിക്കുന്നത്. അപകടസാദ്ധ്യത എന്തെല്ലാമാണ് എന്ന് വിശദമായറിയാം.
എന്താണ് മെഗാ സുനാമി?
സാധാരണ സുനാമിയിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് മെഗാ സുനാമി. നൂറുകണക്കിന് അടി ഉയരത്തിലുള്ള തിരമാലകളാണ് മെഗാ സുനാമി സൃഷ്‌ടിക്കുന്നത്. ശക്തമായ ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവത സ്‌ഫോടനങ്ങൾ അല്ലെങ്കിൽ ഉൽക്കാവർഷങ്ങൾ പോലെ വെള്ളത്തിനടിയിൽ സംഭവിക്കുന്ന പ്രധാന സംഭവങ്ങൾ മൂലമാണ് ഇവ ഉണ്ടാകുന്നത്.
സാധാരണ സുനാമിയിൽ നിന്ന് വ്യത്യസ്‌തമായി മൈലുകൾ താണ്ടി ഉൾനാടുകളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ എത്തും. തീരദേശം മാത്രമല്ല ഉൾഗ്രാമങ്ങളെ പോലും ഇവ നശിപ്പിക്കും. ആളുകൾക്ക് രക്ഷപ്പെടാൻ പോലും അധിക സമയം കിട്ടില്ല. അത്രയും വേഗത്തിലാകും ഈ തിരമാലകൾ സഞ്ചരിക്കുക. അപൂർവമാണെങ്കിലും ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. ജനവാസമേഖലയിൽ ഇവ പതിച്ചാൽ വൻ അപകടങ്ങളാകും വരുത്തുക.
പഠനത്തിൽ കണ്ടെത്തിയത്
അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കൻ മേഖലയിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തിന് 15 ശതമാനം സാദ്ധ്യതയുണ്ടെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച വിർജീനിയ ടെക്കിലെ ഭൗമശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നത്. ഇത്തരമൊരു ശക്തമായ ഭൂകമ്പമുണ്ടായാൽ മെഗാ സുനാമി ഉണ്ടാകും. ഇതോടെ തീരപ്രദേശങ്ങൾ 6.5 അടി വരെ മുങ്ങിയേക്കാം. കൂടാതെ സിയാറ്റിൽ, ഒറിഗോൺ, പോർട്ട്‌ലാൻഡ് തുടങ്ങിയ പ്രധാന നഗരങ്ങളും ഒലിച്ചുപോകുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.
വടക്കൻ വാൻകൂവർ ദ്വീപിൽ നിന്ന് കാലിഫോർണിയയിലെ കേപ് മെൻഡോസിനോ വരെ നീളുന്ന ഒരു ഫോൾട്ട് ലൈനായ കാസ്‌കേഡിയ സബ്‌ഡക്ഷൻ സോണിലാണ് ഭൂകമ്പം ഉണ്ടാകുന്നതെങ്കിൽ, അലാസ്ക, ഹവായ്, അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിന്റെ ചില ഭാഗങ്ങൾ എന്നിവ അപകടത്തിൽപ്പെടും. ഇവ പൂർണമായും മുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്. മെഗാ സുനാമി കാരണമുണ്ടാകുന്ന തിരമാലകൾ 1000 അടി വരെ ഉയരാം. ഇത് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും.
സാധാരണ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളെ പോലെ ജനങ്ങൾക്ക് സ്ഥലത്ത് നിന്നും മാറാനോ തയ്യാറെടുപ്പുകൾ നടത്താനോ ഉള്ള സമയം പോലും ലഭിക്കില്ല. മിനിട്ടുകൾക്കുള്ളിൽ മൈലുകളോളം സഞ്ചരിക്കാൻ ഈ തിരമാലകൾക്കാകുമെന്നും ശാസ്‌ത്രജ്ഞർ പറഞ്ഞു. കൂടാതെ ഈ ആഘാതങ്ങളിൽ നിന്നെല്ലാമുള്ള വീണ്ടെടുക്കലിന് ഏറെ സമയം വേണ്ടിവരുമെന്നും പഠനത്തിന്റെ മുഖ്യ രചയിതാവും വിർജീനിയ ടെക്കിന്റെ ജിയോസയൻസസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ടിന ഡ്യൂറ ഒരു പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ വാഷിംഗ്ടൺ, വടക്കൻ ഒറിഗോൺ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്‌ടം ഉണ്ടാകാൻ പോകുന്നതെന്ന് പഠനത്തിൽ കണ്ടെത്തി.
കാസ്കാഡിയ സബ്ഡക്ഷൻ സോൺ
വടക്കേ അമേരിക്കയിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ ഒന്നാണ് കാസ്കാഡിയ സബ്ഡക്ഷൻ സോൺ. അധികം വൈകാതെ ഇവരെ വലിയൊരു ശക്തമായ ഭൂകമ്പത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വടക്കൻ കാലിഫോർണിയ മുതൽ ബ്രിട്ടീഷ് കൊളംബിയ വരെ ഏകദേശം 700 മൈൽ വ്യാപിച്ചുകിടക്കുന്ന ഈ സോൺ പസഫിക് തീരത്ത് നിന്ന് ഏകദേശം 70 മുതൽ 100 മൈൽ വരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ 10,000 വർഷത്തിനിടയിൽ ഇവിടെ 43 ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1700 ജനുവരി 26നാണ് ഇവിടെ അവസാനമായി ഭൂകമ്പം ഉണ്ടായത്. ഏകദേശം 9.0 തീവ്രത രേഖപ്പെടുത്തി. സുനാമി രൂപപ്പെട്ട് തീരപ്രദേശം മുങ്ങുകയും ചെയ്‌തുവെന്ന് ഒറിഗോൺ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി മാനേജ്മെന്റ് അറിയിച്ചു. ഈ പ്രദേശത്ത് ഇനിയൊരു ഭൂകമ്പം ഉണ്ടായാൽ അത് അഞ്ച് മുതൽ ഏഴ് മിനിട്ട് വരെ നീണ്ടുനിൽക്കുമെന്നാണ് കണ്ടെത്തൽ. അതിനാൽ, മെഗാ സുനാമിയിൽ ഈ പ്രദേശം പൂർണമായും നശിക്കാൻ സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |