വിമാനങ്ങളിൽ ഇന്ത്യൻ യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള കഥകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നത് മുതൽ ക്യാബിൻ ക്രൂവിനെ വാക്കാൽ അധിക്ഷേപിച്ചത് വരെയുള്ള സംഭവങ്ങൾ വലിയ വാർത്തയായിട്ടുണ്ട്. ഇന്ത്യയിലെ പുരുഷന്മാർ മറ്റ് രാജ്യങ്ങളിൽ നിന്നുപോലും ഇക്കാര്യത്തിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു വാണിജ്യ വിമാന പൈലറ്റ് റെഡ്ഡിറ്റിലിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. ഇന്ത്യയിലെ പുരുഷന്മാർ വിമാനത്തിലെ വനിതാ ജീവനക്കാരോട് പെരുമാറുന്ന രീതിയെക്കുറിച്ചാണ് ഈ പോസ്റ്റിൽ പറയുന്നത്. ക്യാബിൻ ക്രൂവിന്റെ ഭാഗത്ത് നിന്ന് പരാതികളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും പൈലറ്റ് കുറിച്ചു. ഇത് വെറുമൊരു സമൂഹമാദ്ധ്യമ പോസ്റ്റല്ല. ഒരു രാജ്യത്തെ തന്നെ ലജ്ജിപ്പിക്കുന്നതും ആശങ്ക ഉയർത്തുന്നതുമായ സംഭവമാണ്.
'ഇന്ത്യക്കാർക്കെന്താ കുഴപ്പം?'
അനുവാദമില്ലാതെ ക്യാബിൻ ക്രൂവിന്റെ ഫോട്ടോ എടുക്കുക, ഭയപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുക, തുറിച്ചുനോക്കുക, മോശമായ രീതിയിൽ സ്‌പർശിക്കുക എന്നിങ്ങനെ ക്യാബിൻ ക്രൂ അംഗങ്ങളോട് കാട്ടുന്ന അനാദരവുകൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇതിൽ ഭൂരിഭാഗം കുറ്റങ്ങൾ കാട്ടുന്നതും ഇന്ത്യക്കാരായ പുരുഷന്മാരാണ്. അപൂർവമായി മാത്രമേ മറ്റുള്ളവർ പ്രശ്‌നങ്ങൾ ഉണ്ടാക്കാറുള്ളു എന്നും പൈലറ്റ് കുറിച്ചു. എന്നാൽ, ഇന്ത്യയിലെ എല്ലാ പുരുഷന്മാരും ഇങ്ങനെയല്ലെന്നും പൈലറ്റ് വ്യക്തമാക്കി.
ചുരുക്കം ചിലരുടെ പ്രവൃത്തി കാരണം ഒരു രാജ്യത്തെ തന്നെ മോശമായി ചിത്രീകരിക്കുകയാണ് പലപ്പോഴും. മുന്നിൽ നിൽക്കുന്ന ഒരു സ്‌ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് സ്വഭാവ വൈകൃതമാണ്. അനാദരവാണ് ഇവർ കാട്ടുന്നത്. ഇങ്ങനെ പെരുമാറുന്നത് എന്ത് മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് പൈലറ്റ് കുറിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ പോസ്റ്റ് ശ്രദ്ധനേടി. ലക്ഷക്കണക്കിനുപേർ ഇത് കണ്ടു. ഇന്ത്യക്കാരായ യാത്രക്കാരെ ഭയമാണെന്നാണ് ഒരു ക്യാബിൻ ക്രൂ അംഗം കമന്റിട്ടിരിക്കുന്നത്. ഇടപെടാൻ ഏറ്റവും മോശമായ യാത്രക്കാരെന്ന് പോലും ചിലർ ഇന്ത്യക്കാരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ദി പ്രിന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ചില വിദേശ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള യാത്രയിൽ അവരുടെ ക്രൂവിന് പ്രത്യേക അലവൻസ് പോലും ഇക്കാരണത്താൽ നൽകുന്നുണ്ട്.
മദ്യപാനം
സ്‌ത്രീകളോടുള്ള മോശം പെരുമാറ്റം മാത്രമല്ല, മദ്യപിച്ച് വിമാനത്തിനുള്ളിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതിലും ഭൂരിഭാഗം ഇന്ത്യക്കാരായ പുരുഷന്മാരാണെന്നാണ് റിപ്പോർട്ട്. സമീപകാലത്ത് പോലും ഇത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ച് ബോധമില്ലാതെ വിമാനത്തിനുള്ളിൽ ഒരു ഇന്ത്യക്കാരൻ മൂത്രമൊഴിച്ച വാർത്ത ഉൾപ്പെടെ വന്നിരുന്നു.
2023ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. യുഎസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യ വോറയെ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതിന്റെ പേരിൽ അമേരിക്കൻ എയർലൈൻസ് വിലക്കിയിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ ഒരു വൃദ്ധയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചതിന് ശങ്കർ മിശ്ര എന്ന ഇന്ത്യക്കാരൻ അറസ്റ്റിലായിരുന്നു.
ചില ഇന്ത്യൻ യാത്രക്കാർ അന്താരാഷ്ട്ര വിമാനങ്ങളെ “തുറന്ന ബാർ” പോലെയാണ് പരിഗണിക്കുന്നതെന്നാണ് ക്യാബിൻ ക്രൂ അംഗങ്ങൾ പറയുന്നത്. 'അവർ നിർത്താതെ മദ്യപിക്കും. ഇനി മദ്യം അനുവദിക്കാൻ കഴിയില്ലെന്ന് പുരുഷ ക്യാബിൻ ക്രൂ അംഗങ്ങൾ പറഞ്ഞാൽ മറുത്തൊരു വാക്കുപോലും പറയാതെ അനുസരിക്കും. എന്നാൽ, ഒരു സ്‌ത്രീയായ ക്യാബിൻ ക്രൂ ഇക്കാര്യം പറഞ്ഞാൽ ഇവർ അക്രമകാരികളാകാൻ തുടങ്ങും' - അനുഭവം നേരിടേണ്ടിവന്ന ഒരു ക്യാബിൻ ക്രൂ പറഞ്ഞു.
അക്രമങ്ങൾ
പലപ്പോഴും ഒരു ജോലിക്കാരിയെന്ന നിലയിലാണ് ക്യാബിൻ ക്രൂവിനോട് യാത്രക്കാർ പെരുമാറുന്നത്. യാത്രക്കാർ എത്ര മോശമായി സംസാരിച്ചാലും തിരികെ മാന്യമായി പെരുമാറണമെന്നാണ് ക്യാബിൻ ക്രൂവിന് ട്രെയിനിംഗ് നൽകിയിട്ടുള്ളത്. എന്നാൽ, പ്രശ്‌നം വഷളായാൽ പൈലറ്റുമാർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനെ വിവരം അറിയിക്കാനുള്ള അവകാശമുണ്ട്. തുടർന്ന് വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ പ്രശ്‌നക്കാരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കും.
ഒരാളുടെ പെരുമാറ്റം ഒരു രാജ്യത്തെ തന്നെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ, പൊതുഇടങ്ങളിൽ മാന്യമായി പെരുമാറുന്നതാണ് ഉത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |