സ്വർണത്തിനോട് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്മാണ്. ഈ ഇഷ്ടത്തെ 'ആസക്തി' എന്നു വിളിക്കുന്നവരും ഉണ്ട്. ഇവർക്ക് അല്പം ആശ്വാസം പകർന്ന് ഈ മാസം ആദ്യം സ്വർണവില കുറഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ ആ ആശ്വാസം ഏതാനും ദിവസത്തേക്ക് മാത്രമായിരുന്നു. ഇപ്പോൾ പഴയ ശക്തിയിലല്ലെങ്കിലും മഞ്ഞലോഹത്തിന് വീണ്ടും വില തിരിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ഇനി സ്വർണത്തിന് വിലകുറയുമെന്നൊരു പ്രതീക്ഷ വേണ്ടെന്നും വരും വർഷങ്ങളിലും വില നന്നായി തന്നെ ഉയരുമെന്നുമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരും വിപണി വിദഗദ്ധരും പറയുന്നത്. 2025 ൽ സ്വർണവില പുതിയ ഉയരങ്ങളിലെത്തുമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
ആഗോള സാമ്പത്തിക വ്യതിയാനങ്ങൾ, അമേരിക്കൻ ഡോളറിന്റെ ശക്തമായ നില, പശ്ചിമേഷ്യയിലെയും മറ്റും യുദ്ധ സമാന സാഹചര്യം എന്നിവ സ്വർണ വിലയെ ബാധിക്കുന്നുണ്ട്. ഓരാേവർഷവും ടൺ കണക്കിന് സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ രാജ്യാന്തര വിപണിയിലെ ചെറിയാെരു മാറ്റംപോലും ഇന്ത്യയിലെയും കേരളത്തിലെയും വിലയിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.
അവിടെ കുറഞ്ഞാലും ഇവിടെ കുറയില്ല
രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ഇന്ത്യയിലും സ്വർത്തിന് വില കൂട്ടും. എന്നാൽ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യൻ വിപണിയിൽ അത് പ്രതിഫലിക്കുമെന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാനാവില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യങ്ങൾ, ഇറക്കുമതിതീരുവ തുടങ്ങിയവ ഇതിന് കാരണമാണ്. ഇന്ത്യയിൽ പ്രദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ഇവിടത്തെ വിപണി വില നിശ്ചയിക്കുന്നത്. സീസണനുസരിച്ച് വില കൂട്ടാനും കുറയ്ക്കാനും ഇവർ വിചാരിച്ചാൽ സാധിക്കും. പ്രത്യേകിച്ചും. വിവാഹ, ഉത്സവ സീസണുകളിൽ.
സുരക്ഷിത നിക്ഷേപം
ഡോളറിന്റെ മൂല്യത്തിലും ഓഹരി വിപണിയുലുമൊക്കെ അടിക്കടി കയറ്റിറക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽപ്പേരും സ്വർണത്തിനെ ഒരു സുരക്ഷിത നിക്ഷേപമായാണ് ഇപ്പോൾ കണക്കാക്കുന്നത്. 2023 മുതലാണ് നിക്ഷേപമെന്ന നിലയിൽ കൂടുതൽപ്പേർ സ്വർണത്തിനെ തിരഞ്ഞെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിനഞ്ചുശതമാനമായിരുന്നു ഇത്തരക്കാരുടെ എണ്ണത്തിലെ വർദ്ധന. എന്നാലിപ്പോൾ അത് ഇരുപത്തഞ്ചുശതമാനമായി ഉയർന്നിട്ടുണ്ട്. ഡോളർ മൂല്യത്തിൽ ഇടയ്ക്ക് മാറ്റമുണ്ടാകുന്നതിനാൽ ലോകത്തെ ഒട്ടുമിക്ക സെൻട്രൽ ബാങ്കുകളും സ്വർണം കൂടുതലായി വാങ്ങിക്കൂട്ടുകയാണ്. ഇതും ആഗോള തലത്തിൽ സ്വർണവില കൂടുന്നതിന് ഇടയാക്കുന്നുണ്ട്.
പോകുന്ന പോക്കിൽ ബൈഡന്റെ പാര
യുദ്ധം എപ്പോഴും വിപണിക്ക് പ്രശ്നമാണ്. അമേരിക്കയിലെ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയുടെ ആയുധങ്ങൾ പ്രയോഗിച്ച് റഷ്യയിൽ കടന്നാക്രമണം നടത്താൻ യുക്രൈയിന് അനുമതി നൽകിയത് ആഗോളതലത്തിൽ സ്വർണവില കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. തങ്ങൾക്കെതിരെ ആക്രമണം കടുപ്പിച്ചാൽ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞതോടെ യുദ്ധം വീണ്ടും ശക്തമാകുമെന്ന അവസ്ഥയുണ്ടായി. ആ അവസ്ഥയിൽ ഇതുരെ ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. അതിനാൽ സ്വർണത്തിന് ആഗോളതലത്തിൽ വില കൂടിക്കൊണ്ടേയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |