യാതൊരു വിദേശ യാത്രാ പശ്ചാത്തലവുമില്ലാത്ത എട്ട് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിന് ഇന്ത്യയിലാദ്യമായി ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. പക്ഷിപ്പനി പരത്തുന്ന വർഗത്തിൽപെടുന്ന ഒരു രോഗാണുവാണ് ഈ രോഗം പരത്തുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ്. മൂന്ന്മാസം പ്രായമുള്ളൊരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ചൈനയിലെ എച്ച്എംപിവി ബാധയുടെ വ്യാപനത്തെ തുടർന്ന് ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതാണ്. ചൈന ഇത് സാധാരണമായ കാര്യമാണെന്നാണ് പ്രതികരിച്ചതെങ്കിലും ഇന്ത്യയിൽ കേരളത്തിലും ജാഗ്രതയോടെ ആരോഗ്യരംഗം സ്ഥിതി വീക്ഷിക്കുകയാണ്. ഇതിനിടെയാണ് മുൻപ് യാത്രചെയ്‌ത പരിചയം പോലുമില്ലാത്ത എട്ട് മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞിന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥീരീകരിച്ചത്.
രോഗം കൂടുതൽ ഇവരിൽ
രോഗം ബാധിക്കാവുന്ന കുഞ്ഞുങ്ങളുടെ പരമാവധി പ്രായം ആറ് മാസം മുതൽ 12 മാസം വരെയാണ്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും രോഗം ബാധിക്കാം അതിനാൽ ശ്രദ്ധ വേണം. മാത്രമല്ല കൃത്യമായ വാക്‌സിനോ ആന്റി വൈറൽ മരുന്നുകളോ ഈ രോഗത്തിന് ചികിത്സ ലഭ്യമല്ല. ചൈനയിൽ എച്ച്എംപിവിയും കൊവിഡുമടക്കം വ്യാപിച്ചത് ലോകമാകെ വലിയ ആശങ്കയാണ് ഉയർത്തിയത്. ഇൻഫ്ളുവൻസ,എച്ച്എംപിവി, മൈകോപ്ളാസ്‌മ ന്യൂമോണിയെ,കൊവിഡ് എന്നിവയാണ് ശൈത്യകാലമായതോടെ അവിടെ പരക്കുന്നത്.
ശിശുക്കൾക്കും ഏറെ പ്രായം ചെന്നവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് എച്ച്എംപിവി ബാധയ്‌ക്ക് സാദ്ധ്യത കൂടുതൽ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ശ്രദ്ധിക്കേണ്ടത്. അഞ്ച് മുതൽ 16 ശതമാനം വരെ കുട്ടികളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ന്യൂമോണിയ ബാധവരെ ആയേക്കാം.
ആദ്യം കണ്ടെത്തിയത് യൂറോപ്പിൽ
2001ൽ നെതർലാന്റ്‌സിലെ ബെർണാഡെറ്റ് ജി. വാൻ ഡെൻ ഹൂഗനും അവരുടെ സഹപ്രവർത്തകരുമാണ് ഈ രോഗത്തെ തിരിച്ചറിഞ്ഞത്. ശ്വാസകോശ ബുദ്ധിമുട്ടുകളുമായെത്തിയ 28 കുട്ടികളിലാണ് അന്നുവരെ കാണാത്ത ഈ രോഗാണുവിനെ കണ്ടെത്തിയത്. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് കാണുക. എന്നാൽ കൊച്ചുകുഞ്ഞുങ്ങളിൽ രോഗതീവ്രത കൂടും.
രോഗലക്ഷണങ്ങൾ
നെതർലാന്റ്‌സിന് പുറമേ ബ്രിട്ടൺ, ഫിൻലാന്റ്, ഓസ്‌ട്രേലിയ, കാനഡ, അമേരിക്ക,ചൈന എന്നിവിടങ്ങളിലും ഇപ്പോൾ ഇന്ത്യയിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ചുമ,മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, തൊണ്ടവേദന, പനി എന്നിവയാണ് സാധാരണയായി രോഗലക്ഷണങ്ങൾ. സ്ഥിതി വഷളായാൽ ശ്വാസതടസം, ആസ്‌ത്‌മ, ബ്രോങ്കേറ്റിസ്, ന്യൂമോണിയ എന്നിവയിലേക്ക് എത്തിച്ചേരാം. രോഗം വന്നാൽ രോഗപ്രതിരോധ ശേഷിയുള്ളവർക്ക് രണ്ട് മുതൽ അഞ്ച് ദിവസത്തിനകം മാറും. വീട്ടിൽ മതിയായ വിശ്രമമെടുത്താൽ മതിയാകും. വളരെ ചെറിയൊരു വിഭാഗത്തിന് ബ്രോങ്കോസ്‌കോപ്പി പോലെ ചികിത്സ വേണ്ടി വന്നേക്കാം. ലാബ് പരിശോധന വഴി മാത്രമേ എച്ച്എംപിവി ആണ് രോഗം എന്ന് തിരിച്ചറിയാൻ സാധിക്കൂ.
സമ്പർക്കം വഴി രോഗം പടരും
മനുഷ്യർ തമ്മിലെ സമ്പർക്കം വഴിയാണ് രോഗം പടരുക. രോഗബാധയുള്ളയാൾ ചുമയ്‌ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോഴും ഒപ്പം അവർ കൈകാര്യം ചെയ്‌ത വസ്‌തുക്കളുമായി സമ്പർക്കം വരുമ്പോഴും ഉദാഹരണത്തിന് കുട്ടികളുടെ ടോയ്‌സ്, വീട്ടിലെ വാതിലിന്റെ പിടിയടക്കമുള്ള ഭാഗങ്ങൾ, അവർ സ്ഥിരമായി പെരുമാറുന്ന സ്ഥലങ്ങൾ ഇവിടങ്ങളിൽ മറ്റൊരാൾ പെരുമാറുമ്പോൾ അവർക്ക് രോഗം വരാം. ബ്രോങ്കൈറ്റിസ്,സിഒപിഡി, എംഫിസിമ എന്നിവയുള്ളവർ ഈ രോഗത്തെ ശ്രദ്ധിക്കണം.
രോഗം പടരാതിരിക്കാൻ വേണ്ടത്
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രണ്ട് മുതൽ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. മാസ്‌ക് ധരിക്കുകയും, സമ്പർക്കമുണ്ടാകാനുള്ള സാദ്ധ്യത വന്നാൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുകയും ഒപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്‌താൽ രോഗം പടരുന്നത് ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |