തിരുവനന്തപുരം : പങ്കെടുത്ത അഞ്ച് ദേശീയ ഗെയിംസുകളിലും മെഡൽ നേടിയ മലയാളി വനിതാ ബാഡ്മിന്റൺ താരം അപർണ ബാലൻ തന്റെ ആറാം ദേശീയ ഗെയിംസിന് തയ്യാറെടുക്കുമ്പോൾ ഒപ്പം മൂന്ന് വയസുകാരൻ മകൻ ശ്രീയാനുമുണ്ട്. വിവാഹത്തിനും പ്രസവത്തിനും ശേഷമുള്ള അപർണയുടെ ദേശീയ ഗെയിംസിലേക്കുള്ള തിരിച്ചുവരവാണ് ഈ മാസം 28ന് ഉത്തരാഖണ്ഡിൽ തുടങ്ങുന്ന 39-ാമത് ദേശീയ ഗെയിംസ്. വനിതാഡബിൾസിൽ ആരതി സാറ സുനിലിനൊപ്പമാണ് അപർണ മത്സരിക്കുന്നത്.
2001ൽ പമ്മാബിൽ നടന്ന ദേശീയ ഗെയിംസിലാണ് അപർണ ആദ്യം മത്സരിച്ചത്. ടീമിനത്തിൽ വെങ്കലം നേടി.2002ൽ ഹൈദരാബാദിൽ നടന്ന ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ വെങ്കലം. 2007ൽ ഗോഹട്ടിയിൽ നടന്ന ഗെയിംസിൽ ടീമിനത്തിൽ വെള്ളിയും 2011ലെ റാഞ്ചി ഗെയിംസിൽ ടീമനത്തിൽ സ്വർണവും വ്യക്തിഗതഇനത്തിൽ വെള്ളിയും നേടി. 2015ൽ ദേശീയ ഗെയിംസ് കേരളത്തിലെത്തിയപ്പോൾ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുകയും ടീമിനത്തിൽ വെള്ളി നേടുകയും ചെയ്തു. 2022ൽ ഗുജറാത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ശ്രീയാനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. 2023ൽ ഗോവ ദേശീയ ഗെയിംസിന്റെ സമയത്ത് പരിശീലനം പുനരാരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.
കോമൺവെൽത്ത് ഗെയിംസിലും ഉൗബർ കപ്പിലും സൗത്ത് ഏഷ്യൻ ഗെയിംസിലുമുൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയിട്ടുള്ള താരമാണ് 38കാരിയായ അപർണ. വിവാഹത്തിനും പ്രസവത്തിനും ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിലും ദേശീയ തലത്തിൽ മെഡലുകൾ കരസ്ഥമാക്കി. ഭർത്താവും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനുമായ സന്ദീപാണ് തിരിച്ചുവരവിന് അപർണയ്ക്ക് കരുത്താകുന്നത്. എറണാകുളം കലൂരിൽ മുത്തൂറ്റ് ആൽവിൻസ് അക്കാഡമിയിലാണ് ഇപ്പോൾ പരിശീലനം. ആൽവിൻ ഫ്രാൻസിസാണ് കോച്ച്.
അപർണയുടെ ദേശീയ ഗെയിംസ് മെഡൽ വേട്ട
2 സ്വർണം,3 വെള്ളി,2 വെങ്കലം
കേരളത്തിനായി മെഡൽ നേടുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്. അതിനായി കഠിനപരിശീലനമാണ് നടത്തുന്നത്.
- അപർണ ബാലൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |