സിഡ്നി : ഇന്ത്യയ്ക്ക് എതിരായ അവസാന ടെസ്റ്റിൽ ജസ്പ്രീത് ബുംറയുമായി വാക്കുതർക്കം ഉണ്ടായത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് ഓസ്ട്രേലിയൻ കൗമാരതാരം സാം കോൺസ്റ്റാസ്. സിഡ്നിയിൽ സഹ ഓപ്പണർ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയശേഷമാണ് ബുംറയും കോൺസ്റ്റാസും കോർത്തത്. ബാറ്റിംഗിന് വൈകിയതിന് ബുംറ ഖ്വാജയോട് കയർത്തിരുന്നു. ഈ സംസാരം കോൺസ്റ്റാസ് ഏറ്റുപിടിച്ചു. തൊട്ടുപിന്നാലെ ഖ്വാജയെ പുറത്താക്കിയ ബുംറ കോൺസ്റ്റാസിന് സെൻഡ ഓഫ് നൽകിയാണ് വിക്കറ്റ് ആഘോഷിച്ചത്. അമ്പയർ ഇടപെട്ടാണ് പ്രശ്നം അവസാനിപ്പിച്ചത്.
സാധാരണഗതിയിൽ എതിർതാരങ്ങളോട് ഉടക്കാൻ പോകാത്ത ബുംറ കോൺസ്റ്റാസുമായി കൊരുത്തത് വിസ്മയമായിരുന്നു. കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് താൻ അനാവശ്യമായി ഖ്വാജയുടെ വിഷയത്തിൽ ഇടപെട്ടതാണ് ബുംറയെ ചൊടിപ്പിച്ചതെന്ന് കോൺസ്റ്റാസ് സമ്മതിച്ചത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബുംറയുടെ ബൗളിംഗിനെ കോൺസ്റ്റാസ് പ്രകീർത്തിക്കുകയും ചെയ്തു.മെൽബണിലെ അരങ്ങേറ്റ ടെസ്റ്റിൽ വിരാട് കൊഹ്‌ലി കോൺസ്റ്റാസിനെ തോളുകൊണ്ടിടിച്ചതും പ്രശ്നമായിരുന്നു. ഇതിന് വിരാടിന് പിഴ ശിക്ഷ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |