ബീജിംഗ്: ചൈനയിൽ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) അടക്കമുള്ള ശ്വാസകോശ രോഗങ്ങൾ പടരുന്നതായി റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എച്ച്.എം.പി.വി കേസുകൾ കുത്തനെ ഉയരുന്നതായും ആശുപത്രികൾ രോഗികളാൽ നിറഞ്ഞെന്നും റിപ്പോർട്ടുകൾ വരുന്നു. നിരവധി പേർ മരിച്ചെന്ന് അവകാശപ്പെടുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ചൈന ഇപ്പോൾ.
എല്ലാ വർഷവും ശൈത്യകാലത്ത് അനുഭവപ്പെടുന്ന സാധാരണ പ്രശ്നം മാത്രമാണിതെന്നാണ് ചൈനീസ് അധികൃതരുടെ പ്രതികരണം. രാജ്യത്തേക്കുള്ള യാത്ര സുരക്ഷിതമാണ്. ശൈത്യ കാലത്ത് ശ്വാസകോശ അണുബാധ കൂടുതലായി റിപ്പോർട്ട് ചെയ്യാറുണ്ടെന്നും രാജ്യത്തെ ജനങ്ങളുടെയും ചൈനയിലേക്ക് വരുന്നവരുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവാണെന്നുമാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ സിംഗിന്റെ പ്രതികരണം.
രോഗം അതിവേഗം വ്യാപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുമ്പത്തേക്കാൾ തീവ്രത കുറവാണെന്നും താരതമ്യേന ചെറിയ രീതിയിലാണ് പകരുന്നതെന്നുമായിരുന്നു മാവോ സിംഗിന്റെ പ്രതികരണം. നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പിന്തുടരണമെന്ന് പൗരന്മാരോടും വിനോദ സഞ്ചാരികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
എച്ച്.എം.പി.വി
ശ്വാസകോശത്തെ ബാധിക്കുന്നു
2001ൽ ആദ്യമായി തിരിച്ചറിഞ്ഞു
ചുമ, പനി, മൂക്കടപ്പ്, ശ്വാസതടസം തുടങ്ങിയവ ലക്ഷണങ്ങൾ. ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയ്ക്കും കാരണമാകാം
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ വൈറസ് വ്യാപനം. മാസ്‌ക് ധരിക്കുന്നതിലൂടെ വ്യാപനം തടയാം. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം
വാക്‌സിൻ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |