വൈഭവ് തനേജ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ടെക് ലോകം ചർച്ച ചെയ്യുന്ന പേരുകളിൽ ഒന്നാണിത്. 2023 മുതൽ ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ ഈ ഇന്ത്യക്കാരൻ കഴിഞ്ഞ വർഷം വാങ്ങിയ ശമ്പളം 139.5 മില്യൺ യുഎസ് ഡോളറാണ്. അതായത് 1200 കോടിയോളം ഇന്ത്യൻ രൂപ. 2024ൽ ഗൂഗിൾ സുന്ദർ പിച്ചൈക്ക് ലഭിച്ച ശമ്പളം 91 കോടി. മൈക്രോസോഫ്റ്റ് സത്യ നദല്ലയ്ക്ക് നൽകിയത് 675 കോടി. ഈ തുകയേക്കാൾ എത്രയോവലുതാണ് 49കാരൻ വൈഭവ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ ടെക് ലോകത്ത് ആരാണ് വൈഭവ്? എന്താണ് വൈഭവിന്റെ ജോലി എന്നൊക്കെയുള്ള ചർച്ചകളാണ് നടക്കുന്നത്.
ആരാണ് വൈഭവ് തനേജ?
ഇന്ത്യയിൽ ജനിച്ച വൈഭവ് 2017ൽ ആണ് ടെസ്ലയിൽ എത്തുന്നത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് 1999ൽ ആണ് വൈഭവ് ബിരുദം പൂർത്തിയാക്കുന്നത്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ചാർട്ടേഡ് അക്കൗണ്ടൻസിയും 2006ൽ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും പൂർത്തിയാക്കി. 2016 ൽ ടെസ്ല ഏറ്റെടുത്ത സോളാർസിറ്റി എന്ന സോളാർ എനർജി കമ്പനിയിൽ നിന്നുമാണ് 2017 ൽ വൈഭവ് ടെസ്ലയിൽ ചേർന്നത്. അവിടെ അദ്ദേഹം ആദ്യം വൈസ് പ്രസിഡന്റായും പിന്നീട് കോർപ്പറേറ്റ് കൺട്രോളറായും സേവനമനുഷ്ഠിക്കുകയും രണ്ട് കമ്പനികളുടെയും അക്കൗണ്ടിംഗ് ടീമുകൾക്ക് നേതൃത്വം നൽകുകയുമായിരുന്നു.
സോളാർ സിറ്റിയിൽ ചേരുന്നതിന് മുമ്പ്, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ 17 വർഷത്തെ സേവനപരിചയം വൈഭവിനുണ്ടായിരുന്നു. അവിടെ അഷ്വറൻസ് സീനിയർ മാനേജരായാണ് പ്രവർത്തിച്ചത്. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ കൂടിയാണ് ഇപ്പോൾ വൈഭവ്. ഇന്ത്യയിൽ ടെസ്ലയുടെ വിപുലീകരണത്തിന് നേതൃത്വം നൽകുന്നതും വൈഭവ് തന്നെയാണ്. ധനകാര്യം, അക്കൗണ്ടിംഗ്, ബഹുരാഷ്ട്രതലത്തിലെ പ്രവർത്തനങ്ങൾ എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള തനേജ, ടെസ്ലയുടെ സാമ്പത്തിക തന്ത്രത്തിലും ആഗോള വളർച്ചയിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.
1200 കോടിയും ശമ്പളമാണോ?
2024ൽ വൈഭവിന് ലഭിച്ച 1200 കോടി രൂപ ശമ്പളം മാത്രമല്ല. വൈഭവിന്റെ അടിസ്ഥാന ശമ്പളം 3.33 കോടി രൂപയാണ്. ടെസ്ലയുടെ ഓഹരികൾ സമ്മാനമായി ലഭിച്ചതിന്റെ തുക കൂടിയാണിത്. ഇദ്ദേഹത്തിന് ടെസ്ല ഓഹരികൾ കൈമാറിയ സമയത്ത് 250 ഡോളറായിരുന്നു വില. അദ്ദേഹത്തിന്റെ വരുമാനത്തിൽ വർദ്ധനവുണ്ടാകാൻ ഇത് സഹായിച്ചു. ഇലക്ട്രിക് വാഹന (ഇവി) വ്യവസായം കാര്യമായ തടസ്സങ്ങൾ നേരിടുന്നതിനാൽ, വിൽപന കുറയുക, ലാഭവിഹിതം കുറയുക, കടുത്ത വിപണി മത്സരങ്ങൾ തുടങ്ങിയ പ്രതിബന്ധങ്ങൾ നേരിടുന്നതിനാൽ ടെസ്ലയെ സംബന്ധിച്ചിടത്തോളം ഈ ഗണ്യമായ ശമ്പള പാക്കേജ് നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |