ന്യൂഡൽഹി: ഇന്ത്യയിലെ അപകടമരണ നിരക്ക് പതിവു പോലെ ഉയരുകയാണ്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകളാണ് രാജ്യസഭയിൽ അറിയിച്ചത്. 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ ദേശീയ പാതകളിലുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് 26,770 ജീവനുകളാണ്. 2024ൽ 52,609 അപകടങ്ങളുണ്ടായെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
ദേശീയ പാതകളിൽ പ്രതിദിനം ഏകദേശം 147 പേരുടെ ജീവനെങ്കിലും പൊലിയുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ മണിക്കൂറിലും ആറ് മരണങ്ങൾ സംഭവിക്കുന്നു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമെന്ന് ഗഡ്കരി പറഞ്ഞു.
ഡൽഹി-മീററ്റ് എക്സ്പ്രസ് വേ, ഡൽഹി-മുംബയ് എക്സ്പ്രസ് വേ തുടങ്ങിയ മേഖലകളിൽ അപകടങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും ഹൈവേകളെ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുമായിട്ടാണ് ഈ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. അപകടസാധ്യതയുള്ള മേഖലകൾ തിരിച്ചറിയുന്നതിനും കാര്യക്ഷമമാക്കുന്നതിനും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.12 ലക്ഷം കിലോമീറ്ററിലധികം ദേശീയ പാതകളിൽ ഇവ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും മാരകമായ അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. അമിത വേഗതയും, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയും മരണ സാദ്ധ്യത കൂട്ടുന്നു. റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ നടപ്പാതകളോ അടിപ്പാതകളോ ഉപയോഗിക്കാത്തതും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കുന്നു.-ഗഡ്കരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |