ഇന്ത്യ-പാകിസ്ഥാൻ ബന്ധം ഏറെ സംഘർഷഭരിതമായ ദിനങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 26 പേർ മരിച്ച പഹൽഗാം ആക്രമണത്തിന് പിന്നിലെ ഭീകരരെ 14 ദിവസം പിന്നിട്ടിട്ടും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ സഹായിക്കാൻ ശ്രമിച്ച 2800ഓളം പേരെ ഇതിനകം കസ്റ്റഡിയിൽ എടുത്തതായി ജമ്മു കാശ്‌മീർ പൊലീസ് അറിയിച്ചുകഴിഞ്ഞു. കര-വ്യോമസേനാ മേധാവികൾ തിരിച്ചടി ഏത് തരത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്‌തിട്ടുണ്ട്. അമേരിക്കയടക്കം വിദേശരാജ്യങ്ങൾ പലതും ഇന്ത്യയ്‌ക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഈ സമയം പാകിസ്ഥാന്റെ മറ്റൊരു അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനും ഇന്ത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം മടക്കികൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച പാകിസ്ഥാനെ ഈ നിലപാട് ഞെട്ടിച്ചിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിലെ താൽക്കാലിക വിദേശകാര്യ മന്ത്രി മൗലവി അമിർ ഖാൻ മുത്താഖി പഹൽഗാം ആക്രമണത്തെ ശക്തമായ ഭാഷയിലാണ് തള്ളിപ്പറഞ്ഞത്. പ്രദേശത്തെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് പാകിസ്ഥാന്റെ ഈ നടപടി ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജമ്മു കാശ്‌മീരിലെ തീവ്രവാദി ആക്രമണങ്ങളടക്കം പാകിസ്ഥാൻ നടത്തുന്ന ഇന്ത്യ വിരുദ്ധ നടപടികൾക്ക് അഫ്‌ഗാൻ മണ്ണ് ഉപയോഗപ്പെടുത്താൻ സമ്മതിക്കില്ലെന്ന് താലിബാൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അഫ്‌ഗാനിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കും മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്കും വേണ്ട സുരക്ഷ താലിബാൻ സർക്കാർ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
സൈനികബലം നൽകിയിരുന്ന അമേരിക്കയും നാറ്റോയും 2021ൽ അഫ്‌ഗാനിസ്ഥാൻ വിടാൻ തീരുമാനിച്ചതോടെ അഫ്‌ഗാനിൽ കേവലം ഒൻപത് ദിവസം കൊണ്ടാണ് താലിബാൻ സർക്കാർ രൂപീകരിച്ചത്. ഇതിന് ആളായും അർത്ഥമായും കൂടെനിന്നത് പാകിസ്ഥാൻ ആയിരുന്നു. താലിബാന്റെ പല മുതിർന്ന നേതാക്കളും മതപഠനം നടത്തിയത് പാകിസ്ഥാനിൽ ഉണ്ടായിരുന്ന മതപഠന സ്‌കൂളുകളിൽ ആയിരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.
എന്നാൽ സർക്കാർ രൂപീകരണ ശേഷം താലിബാൻ നേതാക്കൾക്ക് പാകിസ്ഥാനുമായുള്ള ബന്ധം തെറ്റിത്തുടങ്ങി. നിലവിലെ കാരണങ്ങൾക്കൊപ്പം ചില ചരിത്രപരമായ പ്രശ്‌നങ്ങളും ഇതിന് കാരണമായി. പാകിസ്ഥാനും അഫ്‌ഗാനും തമ്മിൽ വേർതിരിക്കാനായി ബ്രിട്ടീഷുകാർ രൂപം നൽകിയ ഡ്യൂരന്റ് രേഖ എന്ന അതിർത്തി രേഖ ഒരിക്കലും അഫ്‌ഗാനിസ്ഥാൻ അംഗീകരിച്ചിട്ടില്ല. പാകിസ്ഥാൻ ഈ രേഖ പൂർണമായും വേലികെട്ടിത്തിരിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാന് ഇത് അംഗീകരിക്കാൻ ആകാത്തതിന് കാരണം ഈ രേഖ ഇരുഭാഗത്തെയും പഷ്‌തൂൺ വിഭാഗക്കാരെ തമ്മിൽ വേർതിരിക്കുന്നതായതിനാലാണ്. അഫ്‌ഗാൻ ഇത് വിലനൽകാത്തത് പാകിസ്ഥാന് നിരന്തരം തലവേദനയാകാറുണ്ട്.
മറുവശത്ത് ഇന്ത്യയുമായി താലിബാന് എന്നാൽ പറയത്തക്ക പ്രശ്‌നങ്ങളില്ല. താലിബാൻ സർക്കാരിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യ മുൻപ് തന്നെ അഫ്‌ഗാൻ മണ്ണിൽ നടത്തിവന്ന വികസന പ്രവർത്തനങ്ങൾക്ക് താലിബാൻ അംഗീകാരം നൽകിയിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ നല്ല മുഖം അഫ്‌ഗാന് നൽകാൻ ഇതനുവദിക്കും എന്ന കണക്കുകൂട്ടലിലാണിത്. ജമ്മു കാശ്‌മീരിൽ ആക്രമണമുണ്ടായ ഉടൻ അഫ്‌ഗാൻ വളരെവേഗം ഇന്ത്യൻ നയതന്ത്ര പ്രതിനിധി സംഘത്തെ സ്വീകരിക്കുകയും ആക്രമണത്തെ തള്ളിപ്പറയുകയും ചെയ്‌തു.
മുൻപും അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യയുടെ സഹായം അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ലഭിച്ചിച്ചുണ്ട്. മറുവശത്ത് പാകിസ്ഥാൻ പെഹൽഗാം ആക്രമണം നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് അഭയാർത്ഥികളായി പാകിസ്ഥാനിൽ കഴിഞ്ഞിരുന്ന 30 ലക്ഷം അഫ്‌ഗാൻ പൗരന്മാരെ പാകിസ്ഥാൻ ബലംപ്രയോഗിച്ച് പുറത്താക്കിയിരുന്നു. മൂന്ന് ഘട്ടമായാണ് ഇവരെ പാകിസ്ഥാൻ പുറത്താക്കിയത്. ഐക്യരാഷ്‌ട്ര സംഘടനകളുടെ കണക്കനുസരിച്ച് പാകിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഇത്തരത്തിൽ പുറത്താക്കിയ പത്ത് ലക്ഷം പേർക്ക് തങ്ങൾ സേവനം ചെയ്‌തുകൊടുത്തു എന്നാണ്. അഫ്‌ഗാനിസ്ഥാൻ പൗരന്മാർക്ക് പാകിസ്ഥാനിൽ അഫ്‌ഗാനിസ്ഥാൻ സിറ്റിസൺ കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാർഡുള്ള എട്ട് ലക്ഷം പേരെ പുറത്താക്കും എന്ന് പാകിസ്ഥാൻ അറിയിച്ചത് താലിബാനെ വല്ലാതെ ചൊടിപ്പിച്ചു.
മതിയായ വിഭവങ്ങളോ കൃത്യമായ ഒരു സൈന്യമോ അന്താരാഷ്‌ട്ര സഹായമോ ഇല്ലാതെ പാകിസ്ഥാനെതിരെ നീങ്ങാൻ താലിബാന് സാധിക്കില്ല. ഇതിനുള്ള ബലം നേടാൻ ശ്രമമായി വേണം ഇതിനെ കാണാൻ. അഫ്‌ഗാന്റെ വികസനത്തിനായി ദീർഘകാലത്തേക്ക് ഇന്ത്യ മൂന്ന് ബില്യൺ ഡോളർ, അഞ്ഞൂറ് പദ്ധതികളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നതും അഫ്‌ഗാൻ ഭരണകൂടം ഇന്ത്യയെ പിന്തുണക്കുന്നതിന് മതിയായ കാരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |