ദുബായ്: അബുദാബിയെയും ദുബായിയെയും പരസ്പരം ബന്ധിപ്പിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 30 മിനിട്ട് കൊണ്ട് യാത്ര സാദ്ധ്യമാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. 350 കിലോമീറ്റർ വേഗതയിൽ സഞ്ചിരിക്കുന്ന ഈ ട്രെയിൻ റീം ഐലൻഡ്, സാദിയാത്ത്, യാസ് ഐൻലൻഡ്, അബുദാബിയിലെ സയാദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ മുക്തൂർ ഇന്റർനാഷണൽ എയർപോർട്ട്, ദുബായിലെ അൽ ജദ്ദാഫ് എന്നീ ആറ് സ്റ്റേഷനുകളിലൂടെ കടന്നുപോകും.
ഇതുകൂടാതെ സാധാരണ പാസഞ്ചർ ട്രെയിനിന്റെ സർവീസും ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ടെൻഡറുകൾ പൂർത്തിയാക്കി അതിവേഗ ട്രെയിനിനായുളള നടപടികൾ എത്രയും വേഗം പൂർത്തിയാക്കുന്നതാണ്. അതിനാൽത്തന്നെ സർവീസ് എന്ന് ആരംഭിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്ന് ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജ്ക്ട് ഓഫീസർ മുഹമ്മദ് അൽ ഷെഹ്ഹി അറിയിച്ചു. പുതിയ പദ്ധതി അടുത്ത 50 വർഷത്തിനുളളിൽ യുഎഇയുടെ ആഭ്യന്തര ഉൽപ്പാദനത്തിൽ 145 ബില്യൺ ദിർഹത്തിന്റെ വളർച്ചയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സാധാരണ പാസഞ്ചർ ട്രെയിൻ എല്ലാ എമിറേറ്റ്സുകളെയും ബന്ധിപ്പിച്ചായിരിക്കും കടന്നുപോകുക. 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിനിൽ 400 യാത്രക്കാരെ വഹിക്കാൻ സാധിക്കും. അബുദാബി, ദുബായ്,ഷാർജ,ഫുജൈറ എന്നിവിടങ്ങളിലും സ്റ്റേഷനുകൾ ഉണ്ടായിരിക്കും. ട്രെയിൻ സജ്ജമാണെങ്കിലും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചുളള തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |