ഹൈദരാബാദ്: നാഗർകുർണൂൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന എട്ട് പേർക്കായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി നിറുത്തിവച്ചു.
രക്ഷാപ്രവർത്തനം വെള്ളവും ചെളിയും കുതിച്ചെത്തിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയായിരുന്നു. തുരങ്കത്തിനുമേലുള്ള ഭൂമിയുടെ പാളികൾ നീങ്ങി. അപകട സാദ്ധ്യതയും രക്ഷാപ്രവർത്തകരുടെ സുരക്ഷയും കണക്കിലെടുത്ത് താത്കാലികമയി നിറുത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തുരങ്കത്തിൽ വെള്ളവും ചെളിയും കൂടിവരികയാണ്.
തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. അപകടസ്ഥലം ചെളിയാൽ നിറഞ്ഞിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ പോരാടുകയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി ജുപള്ളി കൃഷ്ണറാവുവും പ്രതികരിച്ചിരുന്നു.
സൈന്യത്തിന്റെ എൻജിനിയറിംഗ് ടാസ്‌ക് ഫോഴ്സും റാറ്റ് മൈനേഴ്സും കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്നവർക്ക് ഓക്‌സിജൻ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ്
നാഗർകൂർണൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യം, നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ് , എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ജി.എസ്.ഐ, റാറ്റ് മൈനേഴ്സ്, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് തുടങ്ങി 10 ഏജൻസികളിലെ വിദഗ്ദ്ധർ രാപകലില്ലാതെ പ്രവർത്തിക്കുന്നു
-ഉത്തം കുമാർ റെഡ്ഡി
തെലങ്കാന ജലസേചന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |