തിരുവനന്തപുരം : ഹാൻഡ്ബാൾ അസോസിയേഷൻ സെക്രട്ടറി കൂടിയായ തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീറിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയ കായികവകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹാൻഡ്ബാൾ ടീം ദേശീയ ഗെയിംസിൽ ഒത്തുകളിച്ചാണ് വെള്ളിമെഡൽ നേടിയതെന്ന കായികമന്ത്രിയുടെ തെറ്റായ പ്രസ്താവനയ്ക്ക് എതിരെ ഹാൻഡ്ബാൾ താരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സുധീറിനെതിരായ നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ. അതേസമയം കഴിഞ്ഞദിവസം കൗൺസിൽ ഉത്തരവ് നടപ്പാക്കി വൈസ് പ്രസിഡന്റ് എ.എം.കെ നിസാറിന് പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നു. അതിന് പിന്നാലെയാണ് കോടതിയിൽ നിന്ന് തിരിച്ചടി കിട്ടിയത്.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിൽ ഹാൻഡ്ബാളിൽ ഒത്തുകളിച്ചെന്നാണ് മന്ത്രി ചാനലുകളോട് പറഞ്ഞത്. എന്നാൽ മോശം റഫറിയിംഗിലൂടെ കേരളത്തെ മനപ്പൂർവ്വം തോൽപ്പിച്ചത് നെറ്റ്ബാളിലാണ്. ഇത് തിരുത്താൻ മന്ത്രി തയ്യാറാകാതിരുന്നതോടെ മെഡൽ നേടിയ കായികതാരങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ പ്രതിഷേധവുമായെത്തി മെഡലുകൾ കടലിലെറിയുമെന്ന് പറഞ്ഞു. സുധീറാണ് കായികതാരങ്ങളെ സമരത്തിനിറക്കിയതെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഷറഫലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ നടപടിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |