ദുബായ്: വിദേശത്തേക്കുള്ള യാത്രയ്ക്ക് മുമ്പ് എല്ലാവരും ചെയ്യുന്ന ഒരു കാര്യമുണ്ട്. സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാൻ ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിൽ നിങ്ങളാരും അറിയാത്ത കെണിയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഈ പ്രവൃത്തി കാരണം നിങ്ങളുടെ യാത്രവരെ മുടങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് സൈബർ സുരക്ഷ വിദഗ്ദർ പറയുന്നത്.
യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിംഗ് കോഡ് എന്നീ വിവരങ്ങൾ അടങ്ങിയ ബോർഡിംഗ് പാസ് ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്ന് സൈബർ സുരക്ഷ വിദഗ്ദർ പറയുന്നു. ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കാർമാർ എല്ലാ വിവരങ്ങളും കൈക്കലാക്കും. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതി മുമ്പ് തന്നെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് നിങ്ങളുടെ യാത്ര മുടക്കാൻ സൈബർ തട്ടിപ്പുകാർക്ക് സാധിക്കും.
ബോർഡിംഗ് പാസിലെ ബാർകോഡ് വഴി യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ളയർ നമ്പർ, അതേ നമ്പറിൽ ബുക്ക് ചെയ്ത ഭാവിയിലെ യാത്രാ വിവരങ്ങൾ എന്നിവ ശേഖരിക്കാൻ ഹാക്കർമാർക്ക് സാധിക്കും. സൈബർ സുരക്ഷ വെബ്‌സൈറ്റായ ക്രെബ്സ് ഓൺ സെക്യൂരിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനത്തിലെ സീറ്റ് മാറ്റൽ, എയർലൈൻ അക്കൗണ്ട് മാറ്റൽ, ആൾമാറാട്ടം നടത്തൽ എന്നിവയും ഈ വിവരങ്ങൾ ലഭിച്ചാൽ സാധിക്കും. ബോർഡിംഗ് പാസ് പങ്കുവയ്‌ക്കേണ്ട നിർബന്ധിത സാഹചര്യമുണ്ടായാൽ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങൾ ഒഴിവാക്കണം. എല്ലാ യാത്രാ രേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. പബ്ലിക്ക് പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നത് ശ്രദ്ധിച്ചുവേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |