തിരുവനന്തപുരം: ചാൻസലർ കൂടിയായ ഗവർണറോട് അനാദരവ് കാട്ടിയ രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. താൽക്കാലിക വൈസ് ചാൻസലർ സിസ തോമസിന്റെ വിയോജിപ്പ് മറികടന്നാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത രണ്ട് ബിജെപി പ്രതിനിധികളും തീരുമാനത്തെ എതിർത്തു. രജിസ്‌ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കുന്നതിനായി മൂന്നംഗ സമിതിയെ ഇന്നുനടന്ന സിൻഡിക്കേറ്റ് യോഗത്തിൽ നിശ്ചയിച്ചതായും വിവരമുണ്ട്. രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത് കോടതിയിലെത്തിയ സാഹചര്യത്തിൽ ഇന്ന് രാവിലെ 11ന് കേരള സർവ്വകലാശാലാ സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം ചേർന്നതിന് പിന്നാലെയാണ് നടപടി.
അതേസമയം, സസ്‌പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് താത്‌കാലിക വിസിയായ സിസ തോമസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. യോഗത്തിൽ സസ്‌പെൻഷൻ റദ്ദാക്കണമെന്ന തീരുമാനത്തിൽ എത്തിയപ്പോൾ താൻ യോഗം പിരിച്ചുവിട്ട് പുറത്തുപോവുകയായിരുന്നു. യോഗം പിരിച്ചുവിട്ട് അദ്ധ്യക്ഷൻ പുറത്തിറങ്ങിക്കഴിഞ്ഞാൽ യോഗത്തിന് പ്രസക്തിയില്ല. സസ്‌പെൻഷൻ അതിനാൽ തന്നെ റദ്ദായിട്ടില്ല. യോഗത്തിൽ അജണ്ട പൂർത്തീകരിച്ചിട്ടില്ലെന്നും സിസ തോമസ് വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 26ന് ചാൻസലറായ ഗവർണർ സർവകലാശാല സെനറ്റ് ഹാളിൽ പങ്കെടുത്ത ചടങ്ങ് അവസാന നിമിഷം റദ്ദാക്കാൻ നിർദേശിച്ചതിന്റെ പേരിലാണ് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്.
സ്റ്റേജിൽ മതചിഹ്നം കണ്ടതിനാലാണ് ചടങ്ങ് റദ്ദാക്കാൻ നിർദേശം നൽകിയത് എന്നായിരുന്നു രജിസ്ട്രാറുടെ വാദം. ഹിന്ദുദേവതയുടെ ചിത്രം വച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസർ അറിയിച്ചത്. നേരിൽ പരിശോധിച്ചെന്നും രജിസ്‌ട്രാർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ വൈസ് ചാൻസലർക്ക് അധികാരമില്ലെന്നും രജിസ്ട്രാർ വാദിച്ചു. സിൻഡിക്കേറ്റിനാണ് അതിനുള്ള അധികാരം. കേരള സർവകലാശാല നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർക്ക് താഴെയുള്ള ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ മാത്രമേ വി.സിക്ക് കഴിയൂവെന്നും രജിസ്‌ട്രാർ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |