വാഷിംഗ്ടൺ: ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതല്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമാണിതെന്നും ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഡൊണാൾഡ് ട്രംപിന്റെ അറിവോടെയായിരുന്നു ആക്രമണമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി ട്രംപ് രംഗത്തെത്തിയത്.
'ഹമാസിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം ട്രംപ് ഭരണക്കൂടത്തെ അറിയിച്ചു. നിർഭാഗ്യവശാൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. ഈ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവന്റേതാണ്, എന്റേതല്ല. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല'- ട്രംപ് കുറിച്ചു.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണം നടന്നത്. ആറ് പേർ കൊല്ലപ്പെട്ടു. ഹമാസിനെ നിയന്ത്രിക്കുന്ന ഉന്നത നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർന്നു. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യ അടക്കം ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ധാരാളമുള്ള പ്രദേശമാണിത്. ഖത്തറിൽ ഇസ്രയേൽ ആക്രമണം ആദ്യമാണ്. ഹയ്യയുടെ മകൻ ഹിമാമും ഹയ്യയുടെ ഓഫീസിന്റെ ഡയറക്ടർ ജിഹാദ് ലബാദും ഉൾപ്പെടെ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഖാലിൽ ഹയ്യയും മറ്റ് ഉന്നത നേതാക്കളും രക്ഷപ്പെട്ടെന്ന് ഹമാസ് പറഞ്ഞു.
വടക്കൻ ജെറുസലേമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതിനു പിന്നാലെയാണ് 'ഓപ്പറേഷൻ സമ്മിറ്റ് ഒഫ് ഫയർ' എന്ന പേരിൽ ഇസ്രയേലിന്റെ തിരിച്ചടി. 15ഓളം ഇസ്രയേലി യുദ്ധവിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിച്ചത്. തിങ്കളാഴ്ച ജെറുസലേമിൽ 6 പേരെ രണ്ട് ആയുധധാരികൾ വെടിവച്ചു കൊന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |