ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിൽ സ്വന്തം ശരീരത്തിൽ ചാട്ടവാർ കൊണ്ടിച്ച് പ്രതിഷേധിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പ്രതിഷേധത്തിന്റെ ഭാഗമായി 48 ദിവസത്തെ വ്രതം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അണ്ണാമലൈ സ്വയം 'ശിക്ഷിച്ചത്'. പച്ച നിറത്തിലുള്ള മുണ്ടുടുത്ത് സ്വന്തം വീടിന് മുന്നിലായിരുന്നു അണ്ണാമലൈയുടെ പ്രതിഷേധം. വ്രതത്തിന് ശേഷം അദ്ദേഹം തമിഴ്‌നാട്ടിലെ പ്രധാന മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.
ഡിഎംകെ സർക്കാർ ഭരണത്തിൽ നിന്ന് വീഴുംവരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാട്ടവാർ കൊണ്ട് എട്ടുതവണ ശരീരത്തിലടിച്ചത്. അണ്ണാമലൈ ആദ്യം പ്രാർത്ഥിക്കുന്നതും പിന്നീട് അടിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ചുറ്റും പ്ലക്കാർഡ് പിടിച്ച് ബിജെപി പ്രവർത്തകർ നിൽക്കുന്നുണ്ടായിരുന്നു. ചാട്ടവാർ അടി പുരോഗമിക്കുന്നതിനിടയിൽ ഒരു പ്രവർത്തകൻ ഓടിയെത്തി അണ്ണാമലൈയെ തടയുന്നതും പിന്നീട് കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഡിസംബർ 23ന് രാത്രി എട്ട് മണിക്കാണ് അണ്ണാ സർവകലാശാല ക്യാമ്പസിൽ വച്ച് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേർ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു ക്രൂരപീഡനം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കോട്ടൂർപുരം സ്വദേശി ജ്ഞാനശേഖരൻ (37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |