
ദുബായ് : ദുബായ് ഡ്യൂട്ടിഫ്രീ മില്ലേനിയം മില്യണയർ ലോട്ടറിയുടെ നറുക്കെടുപ്പിൽ ഖത്തറിലെ പ്രവാസി മലയാളിക്ക് ബമ്പർ സമ്മാനം. ദോഹയിൽ താമസിക്കുന്ന ജോമി ജോണിന് (32) ആണ് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) സമ്മാനമായി ലഭിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന 527ാം സീരീസ് നറുക്കെടുപ്പിലാണ് ജോമിയെ ഭാഗ്യം തേടിയെത്തിയത്. ഈ മാസം അഞ്ചിന് ഓൺലൈനായി എടുത്ത 4002 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.
ദോഹയിൽ ഡ്രാഫ്ട്‌സ്മാനായി ജോമി 9 സഹപ്രവർത്തകരുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. രണ്ടുവർഷമായി സുഹൃത്തുക്കൾ ചേർന്ന് അവരുടെ പേരുകളിൽ ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണ ജോമിയുടെ പേരിലെടുത്ത ടിക്കറ്റിനെ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. മില്ലേനിയം മില്യണയർ ലോട്ടറി നറുക്കെടുപ്പിൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്ന 267ാമത്തെ ഇന്ത്യക്കാരനാണ് ജോമി ജോൺ. ദുബായ് ഡ്യൂട്ടിഫ്രീ മാനേജിംഗ് ഡയറക്ടർ രമേഷ് ചിദംബിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് നറുക്കെടുപ്പ് നിയന്ത്രിച്ചത്. ജോമി ജോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അജ്‌മാനിലെ മലയാളി നഴ്‌സ് ടിന്റു ജെസ്‌മോന് ഒരുലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 281ലാണ് ടിന്റുവിനെ ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 15 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന ടിന്റു തന്റെ പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് നവംബർ 30ന് 522882 എന്ന നമ്പരിലുള്ള ടിക്കറ്റ് എടുത്തത്. സുഹൃത്തുക്കൾ പറഞ്ഞാണ് ടിന്റു ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നതും. അഞ്ച് വർഷം മുമ്പാണ് ആദ്യമായി ഭാഗ്യപരീക്ഷണം നടത്തിത്തുടങ്ങിയത്. നിരവധി തവണ നിരാശയായിരുന്നു ഫലമെങ്കിലും ടിന്റു പിന്മാറാൻ തയ്യാറായിരുന്നില്ല.ലഭിച്ച സമ്മാനത്തുക തുല്യമായി വീതിച്ച് ടിക്കറ്റെടുക്കാൻ കൂടെയുണ്ടായിരുന്ന പത്ത് സുഹൃത്തുക്കൾക്കുമായി നൽകുമെന്ന് ടിന്റു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |