SignIn
Kerala Kaumudi Online
Thursday, 19 February 2026 2.50 AM IST

പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം 'ഭാരത്'; രാഷ്ട്രപതിഭവനിൽ നിന്ന്   അയച്ച  ക്ഷണക്കത്തിനെതിരെ വിമർശനം, രാജ്യത്തിന്റെ പേരുമാറ്റുമെന്നും അഭ്യൂഹം

Increase Font Size Decrease Font Size Print Page
droupadi-murmu

ന്യൂഡൽഹി: രാഷ്ട്രപതിഭവനിൽ നിന്ന് അയച്ച ക്ഷണക്കത്തിൽ 'പ്രസി‌ഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയതിനെതിരെ വിമർശനം. ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിനെതിരെയാണ് വിമർശനം ഉയർന്നത്.

സെപ്തംബർ ഒമ്പതിനും പത്തിനുമായി പ്രഗതി മെെതാനിയിലെ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഭാരത മണ്ഡപത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കുള്ള അത്താഴവിരുന്നാണ് ശനിയാഴ്ച രാത്രി എട്ടുമണിയ്ക്ക് നടക്കുന്നത്. ഇതിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തിലാണ് 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപണവുമായി രംഗത്തെത്തി. ഇനി ഭരണഘടനയുടെ ഒന്നാം ആർട്ടിക്കിളിൽ 'ഭാരതം, ഇന്ത്യയായിരുന്ന സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും' എന്ന് വായിക്കാമെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് പോലും ഇപ്പോൾ ആക്രമണം നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ കോൺഗ്രസിന്റെ വിമർശനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര എന്ന പേരിൽ രാഷ്ട്രീയ തീർത്ഥയാത്ര നടത്തുന്നവർ എന്തിനാണ് ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യത്തെ എതിർക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് രാജ്യത്തെയോ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ല. ഒരു കുടുംബത്തെ പ്രശംസിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ഇന്ത്യയിൽ നിന്ന് ഭാരതം എന്ന് മാറ്റുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ മുൻപ് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, DROUPADI MURMU, INDIA, BHARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY