SignIn
Kerala Kaumudi Online
Thursday, 19 February 2026 2.56 AM IST

16 വയസിൽ താഴെ സമൂഹ മാദ്ധ്യമ വിലക്ക് വരും

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: 16 വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാദ്ധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഡീപ്ഫേക്ക് വീഡിയോകളും ക്രൈം കണ്ടന്റുകളും മറ്റും കുട്ടികളെ സ്വാധീനിക്കുന്ന സാഹചര്യത്തിലാണിത്. ഇതാനായി 2021ലെ ഐ.ടി നിയമം ഭേദഗതി ചെയ്യും.

സമ്പൂർണ വിലക്കല്ല വരുന്നത്. ക്ളാസ് റൂം ആപ്പുകൾ അടക്കം ഒഴിവാക്കി ഭാഗിക നിയന്ത്രണമാവും ആദ്യം നടപ്പാക്കുക. ചില അക്കൗണ്ടുകളിൽ പ്രവേശം അനുവദിക്കും. പാടില്ലാത്തവയുടെ ഉപയോഗം കർശനമായി വിലക്കും.

16 വയസിൽ താഴെയുള്ളവരുടെ ഉപയോഗം വിലക്കാൻ സമൂഹമാദ്ധ്യമ കമ്പനികളുമായി ചർച്ച നടക്കുന്നുണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ എ.ഐ ഉച്ചകോടിക്കിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രായാധിഷ്ഠിത നിയന്ത്രണം പല രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡി.പി.ഡി.പി) നിയമപ്രകാരം, 18 വയസ്സിൽ താഴെയുള്ളവരുടെ സമൂഹമാദ്ധ്യമ ഡാറ്റ രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വമാണ്. അവ പരിശോധിക്കാൻ രക്ഷാകർത്താക്കളുടെ അനുമതി വേണം.

പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രായപരിധി അടിസ്ഥാനമാക്കി നിയന്ത്രണം ശുപാർശ ചെയ്യുന്നു.

ഓസ്ട്രേലിയൻ

വിലക്ക് മാതൃക

1. 16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹമാദ്ധ്യമ നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്‌സ്, സ്‌നാപ്‌ചാറ്റ്, റെഡിറ്റ്, യൂട്യൂബ്, കിക്ക്, ട്വിച്ച്, ത്രെഡ്‌സ് എന്നിവയ്ക്ക് വിലക്ക് കഴിഞ്ഞ ഡിസംബറിൽ നിലവിൽ വന്നു

2. ഓസ്ട്രേലിയയെ മാതൃകയാക്കി ഫ്രാൻസ് 15 വയസ്സിൽ താഴെയുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഡെൻമാർക്ക്, നോർവെ, മലേഷ്യ, സ്‌പെയിൻ, യു.കെ എന്നീ രാജ്യങ്ങളും നിയന്ത്രണം ആലോചിക്കുന്നു

3. ഇന്ത്യയിൽ ഗോവ, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നിയന്ത്രണം ചർച്ചയിലാണ്. ഓസ്‌ട്രേലിയൻ മാതൃകയിലുള്ള നിയമം പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

എ.ഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്ക് വീഡിയോകൾ ആശങ്ക ഉയർത്തുന്നു. ഇതിൽ നിന്ന് കുട്ടികളെയും സമൂഹത്തെയും സംരക്ഷിക്കാൻ ശക്തമായ നിയന്ത്രണം ആവശ്യമാണ്

അശ്വിനി വൈഷ്ണവ്,

ഐ.ടി, റെയിൽവേ മന്ത്രി

TAGS: NEWS 360, NATIONAL, NATIONAL NEWS, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY