മുംബയ്: മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കിയില്ലെങ്കിൽ കർസേവ നടത്തുമെന്ന് ഭീഷണി. ഇക്കാര്യത്തിൽ മുമ്പ് ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോൾ ബജ്‌രംഗ്‌ദളും വിഎച്ച്‌പിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഇരുസംഘടനകളും ഇക്കാര്യം ഇന്ന് സർക്കാരിനോട് ആവശ്യപ്പെടും. സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് ഭീഷണി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് ഔറംഗസേബിന്റെ ശവകുടീരം.
ഔറംഗസേബിന്റെ ശവകുടീരത്തിലേക്ക് നേരിട്ട് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.ഛത്രപതി സംഭാജി നഗറിൽ നിന്ന് 30 കിലോമീറ്റർ ദൂരെ ഖുൽതാബാദിലാണ് സ്‌മാരകം ഉള്ളത്. ഒരു പ്ളാറ്റൂൺ സ്റ്റേറ്റ് റിസർവ് പൊലീസ് സേനാംഗങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആറ് പൊലീസുകാർ ശവകുടീരത്തിന് ചുറ്റും എപ്പോഴും കാവലിനുണ്ട്.
ആവശ്യം ശക്തമാക്കി എല്ലാ കളക്‌ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധം നടത്താൻ വിഎച്ച്‌പിയും ബജ്‌രംഗ്‌ദളും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ബിജെപി മന്ത്രിയായ നിതേഷ് റാണ, മുൻ എംപി നവനീത് റാണ എന്നിവർ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കണം എന്ന് കഴിഞ്ഞ ആഴ്‌ച ആവശ്യപ്പെട്ടിരുന്നു. നിയമപരമായി ഇതെങ്ങനെ നടപ്പാക്കും എന്ന് ആലോചിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ സംരക്ഷണയുടെ കീഴിലാണ് നിലവിൽ ഔറംഗസേബിന്റെ സ്‌മാരകം ഉള്ളത്. 1658 മുതൽ 1707 വരെയാണ് ഔറംഗസേബ് ഭരണം നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |