റോം: ഇറ്റലിയിലെ ഏറ്റവും പുരാതന വിനോദസഞ്ചാര കേന്ദ്രമായ പോംപൈയിലെത്തിയ സ്‌കോട്ടിഷുകാരന് കിട്ടിയത് അപ്രതീക്ഷിത പണി. പോംപൈയിൽ നിന്ന് പുരാവസ്‌തുക്കൾ മോഷ്ടിച്ച 51കാരന് നേരിടേണ്ടി വരിക നിയമനടപടികൾ മാത്രമല്ല എന്നതാണ് ശ്രദ്ധനേടുന്നത്. പോംപൈയിലൂടെ വൈകുന്നേരം സഞ്ചരിക്കുന്നതിനിടെ പുരാവസ്തുക്കളിൽ ഉൾപ്പെടുന്ന ആറ് കല്ലുകളും ഒരു ചുടുകല്ലുമാണ് ഇയാൾ മോഷ്ടിച്ചത്. അതേസമയം, ഇറ്റലിയിലെ ഈ പുരാതന നഗരത്തിൽ മോഷണം നടത്തുന്നവരെ വലിയൊരു ശാപം പിടികൂടുമെന്നതാണ് വിശ്വാസം.
51കാരൻ കല്ലുകൾ മോഷ്ടിക്കുന്നതുകണ്ട ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് മോഷണവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഇറ്റലിയിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. സ്‌കോട്ടിഷുകാരൻ മോഷണം നടത്തിയതായി ഇറ്റാലിയൻ അധികൃതർ സ്ഥിരീകരിച്ചു. കുറ്റം തെളിഞ്ഞാൽ ആറുവർഷം വരെ തടവും 1500 യൂറോസ് (ഏകദേശം 1.5 ലക്ഷം രൂപ) പിഴയും ലഭിക്കും.
നിയമപരമായ പ്രത്യാഘാതങ്ങൾക്കപ്പുറം, പോംപൈയിൽ നിന്ന് മോഷണം നടത്തുന്നത് ദോഷങ്ങൾ വിളിച്ചുവരുത്തുമെന്നാണ് വിശ്വാസം. എഡി 79ൽ വെസൂവിയസ് പർവതത്താൽ അടക്കം ചെയ്യപ്പെട്ട പുരാതന നഗരമാണ് പോംപൈ. നഗരത്തിലെ പുരാവസ്തുക്കൾ മോഷ്ടിക്കുന്നത് നിർഭാഗ്യം വരുത്തുമെന്നാണ് വിശ്വാസം. ഇതിന് ഉദാഹരണമായി 2020ൽ ഒരു കനേഡിയൻ സ്ത്രീ 15 വർഷം മുമ്പ് താൻ മോഷ്ടിച്ച പുരാവസ്തുക്കൾ തിരികെ നൽകിയിരുന്നു. ഈ വസ്തുക്കൾ തനിക്ക് നിർഭാഗ്യം മാത്രമാണ് കൊണ്ടുവന്നതെന്നായിരുന്നു സ്ത്രീ വെളിപ്പെടുത്തിയത്. "ശപിക്കപ്പെട്ട" വസ്തുക്കൾ വർഷങ്ങളായി വ്യക്തിപരവും കുടുംബപരവുമായ നിർഭാഗ്യങ്ങൾക്ക് കാരണമായെന്ന് ഇവർ വെളിപ്പെടുത്തിയത് കാലങ്ങളായി പിന്തുടരുന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |