ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനായി ആവിഷ്കരിച്ച നിർദ്ദേശത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണം കാത്ത് മദ്ധ്യസ്ഥ രാജ്യങ്ങളായ ഈജിപ്റ്റും ഖത്തറും. നിർദ്ദേശം പരിശോധിച്ചു വരികയാണെന്ന് ഇസ്രയേൽ പറയുന്നു. വെടിനിറുത്തൽ നിർദ്ദേശത്തെ ഹമാസ് കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
കരാർ പ്രകാരം പകുതിയോളം ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ജീവനോടെയുള്ള 10 ബന്ദികളെയും 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് വിട്ടുനൽകണമെന്നും പകരം, ഇസ്രയേലി ജയിലുകളിലുള്ള നൂറുകണക്കിന് പാലസ്തീനികളെ മോചിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
മുഴുവൻ ബന്ദികളെയും വിട്ടുകിട്ടണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഇതിനിടെ, വെടിനിറുത്തൽ നിർദ്ദേശം അംഗീകരിക്കരുതെന്ന് കാട്ടി സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമാക്കി. ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം തുടരണമെന്നാണ് ഇവരുടെ ആവശ്യം.
അതേ സമയം, വെടിനിറുത്തൽ നടപ്പാക്കി ബന്ദികളെ തിരിച്ചെത്തിക്കണമെന്ന് കാട്ടി ആയിരക്കണക്കിന് ജനങ്ങളും പ്രതിഷേധവുമായി ഇസ്രയേലി തെരുവുകളിൽ ഇറങ്ങി. ഗാസയിൽ തുടരുന്ന 50ഓളം ബന്ദികളിൽ ഏകദേശം 20 പേർ മാത്രമാണ് ജീവനോടെയുള്ളത്. ഇന്നലെ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 40 പേർ കൊല്ലപ്പെട്ടു. ആകെ മരണ സംഖ്യ 62,060 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |