നോയിഡ: ഉത്തർപ്രദേശിലെ നാല് സ്വകാര്യ സ്‌കൂളുകളിൽ ബോംബ് ഭീഷണി. ഇ - മെയിൽ വഴിയാണ് ബോംബ് ഭീഷണി വന്നത്. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാർത്ഥികളെ കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിച്ചു.
സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂൾ, ദി ഹെറിറ്റേജ് സ്‌കൂൾ നോയിഡ, ഗ്യാൻശ്രീ സ്‌കൂൾ, മയൂർ സ്‌കൂൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നോയിഡ പൊലീസ്, ഫയർ ബ്രിഗേഡ്, ബോംബ് സ്‌ക്വാഡ് എന്നീ സംഘങ്ങളെത്തി തെരച്ചിൽ നടത്തി. പരിശോധനയ്‌ക്ക് ശേഷം ചില സ്‌കൂളുകളിൽ ക്ലാസുകൾ പുനഃരാരംഭിച്ചു. ഇ - മെയിൽ സന്ദേശം അയച്ചവരെക്കുറിച്ചറിയാൻ സൈബർ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളും വിദ്യാർത്ഥികളും പരിഭ്രാന്തരാകരുതെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു. ചില സ്‌കൂളുകൾ അവരുടെ ബസുകളിൽ വിദ്യാർത്ഥികളെ വീടുകളിലെത്തിച്ചു.
അടുത്തിടെയാണ് ഡൽഹിയിലെ പല സ്‌കൂളുകളിലും ഇ - മെയിൽ വഴി ബോംബ് ഭീഷണി വന്നത്. ഈ സംഭവത്തിൽ ഒരു മാസം മുമ്പാണ് 12-ാം ക്ലാസ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ നോയിഡയിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. 2024 ഡിസംബറിൽ വെങ്കിടേശ്വർ ഗ്ലോബൽ സ്കൂളിന് നേരെ ബോംബ് ഭീഷണി ഉയർത്തിയത് അവിടുത്തെ വിദ്യാർത്ഥികളാണെന്ന് നേരത്തേ തെളിഞ്ഞിരുന്നു. പരീക്ഷ മാറ്റിവയ്‌ക്കുക എന്ന ഉദ്ദേശത്തിലാണ് വിദ്യാർത്ഥി ഇങ്ങനെ ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |