കൃഷ്ണഗിരി (വയനാട്): അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിലെ പ്രധാന പേസർ ജോഷിതയ്ക്ക് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്പ്. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വയനായ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെനേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി നാസർ മച്ചാൻ ജോഷിതയെ മാലയണിയിച്ച് സ്വീകരിച്ചു. ജോഷിത ഇന്ത്യൻ ക്രിക്കറ്റിന് മുതൽക്കൂട്ടാണെന്ന് നാസർ മച്ചാൻ അഭിപ്രായപ്പെട്ടു. കൃഷ്ണഗിരി ക്രിക്കറ്റ് ക്യാമ്പിൽ പരിശീലനത്തിന് എത്തുമ്പോൾ തന്നെ അവളുടെ കഴിവ് മനസിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണഗിരിയിൽ ഫ്ലഡ്‌ലൈറ്റ്
കൃഷ്ണഗിരിയിൽ കളിച്ച് വളർന്ന് ഇന്ത്യൻ താരങ്ങളായി മാറിയ മിന്നുമണിയും സജന സജീവനും ജോഷിതയും ആവശ്യപ്പെട്ടതനുസരിച്ച് ഇവിടെ രാത്രികാല പരിശീലനത്തിന് ഫ്ലഡ് ലൈറ്റ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും മച്ചാൻ അറിയിച്ചു. ക്രിക്കറ്റ് അസോസിയേഷൻയോഗത്തിൽ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽ ടൂർണമെന്റുകൾ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കാൻ കഴിയും. മിന്നുവിനും സജനയ്‌ക്കും ജോഷിതയ്‌ക്കും പിന്നാലെ ഇനിയും നിരവധി താരങ്ങൾ വയനാട്ടിൽ നിന്നും ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ സമദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. വനിതാ പ്രിമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ ജോഷിത പ്രത്യേക അനുമതി നേടിയാണ് സ്വീകരണ പരിപാടിക്ക് എത്തിയത്.
നോ സമ്മർദ്ദം, കഠിനാധ്വാനം വിജയ രഹസ്യം
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജോഷിത പറഞ്ഞു. ലോകകപ്പ് വേദിയിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ കണ്ണുനിറഞ്ഞു. ഒരു സമ്മർദ്ദവുമില്ലാതെയാണ് ലോകകപ്പിൽ ഏല്ലാമത്സരങ്ങളും കളിച്ചത്.ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനായതിൽ വലിയ സന്തോഷം.
ഒരുപാടു പേരുടെ പിന്തുണയാണ് ഈ നിലയിൽ എത്താൻ സഹായകരമായത്.കേരള ക്രിക്കറ്റ് അസോസിയേഷനും വയനാട് ക്രിക്കറ്റ് അസോസിയേഷനും ഒരുപാട് പിന്തുണ നൽകി. എപ്പോൾ ആവശ്യപ്പെടുമ്പോഴും കൃഷ്ണഗിരി സ്റ്റേഡിയം പരിശീലനത്തിനായി അനുവദിച്ചു. കൃഷ്ണഗിരി ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലകരുടെയും സഹ താരങ്ങളുടെയും സ്റ്റേഡിയത്തിലെ മറ്റു ജീവനക്കാരുടെയും പിന്തുണ മറക്കാനാകില്ല. ഞാൻ ഈ നിലയിൽ എത്തണമെന്ന് ആഗ്രഹിച്ച മാതാപിതാക്കൾക്കും ക്രിക്കറ്റ് അസോസിയേഷനും ഈ വിജയം സമർപ്പിക്കുന്നു.
മച്ചാന്റെ നാവ് പൊന്നായി
മകൾ ഇന്ത്യക്കായി ലോകകപ്പ് നേടുന്നത് എപ്പോഴും സ്വപ്നം കാണുമായിരുന്നു. ഇപ്പോഴാ സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ജോഷിതയുടെ പിതാവ് ജോഷി പറഞ്ഞു. മിന്നുമണി ഇന്ത്യൻ ടീമിൽ എത്തിയപ്പോഴാണ് ജോഷിതയ്‌ക്കും ഒരുനാൾ രാജ്യത്തിന്റെ ജേഴ്‌സി അണിയാനാകുമെന്ന് പ്രതീക്ഷ വന്നത്. കൽപ്പറ്റയിൽ മിന്നുമണിക്ക് ലഭിച്ച സ്വീകരണം കണ്ടപ്പോൾ ജോഷിതയും ഈ നിലയിൽ എത്തണമെന്ന് ആഗ്രഹംതോന്നിയിരുന്നു. അന്ന് അവിടെ വച്ച് നാസർ മച്ചാൻ പറഞ്ഞത് ഇതുപോലൊരു സ്വീകരണം ഇനി ഏറ്റുവാങ്ങേണ്ടത് നിങ്ങൾ ആയിരിക്കുമെന്നാണ്. ഇന്നിപ്പോൾ ആ വാക്കുകൾ യാഥാർത്ഥ്യമായി.-ജോഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |