കൊൽക്കത്ത: ട്രെയിനിൽ വിഷപ്പാമ്പുകളെ തുറന്നുവിട്ട് ഭയാനകമായ സാഹചര്യം സൃഷ്ടിച്ച അഞ്ച് പാമ്പാട്ടികൾക്കെതിരെ റെയിൽവെ പൊലീസ് കേസെടുത്തു. ട്രെയിനിൽ പാമ്പുകളുമായി നടന്ന് സംഭാവന സ്വീകരിക്കുന്ന സംഘം പാമ്പുകൾക്കായി പണം നൽകണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാത്രക്കാർ പണം നൽകാതെ വന്നതോടെയാണ് പാമ്പാട്ടികൾ പാമ്പിനെ ട്രെയിനിൽ തുറന്നുവിട്ടത്.
ഉത്തർ പ്രദേശിലെ മഹോബ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ സംഭാവനയ്ക്കായി യാത്രക്കാരെ സമീപിച്ചത്. എന്നാൽ ചില യാത്രക്കാർ പണം നൽകാൻ വിസമ്മതിച്ചു. പണം നൽകാത്തതിന് ഇത്രയും വലിയ ഭയാനകമായ സാഹചര്യം നേരിടേണ്ടി വരുമെന്ന് യാത്രക്കാർ കരുതിയില്ല. പാമ്പാട്ടികൾ പാമ്പിനെ തുറന്നുവിട്ടതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാർ മറ്റൊരു കോച്ചിൽ അഭയം പ്രാപിച്ചു.
ട്രെയിൻ ഝാൻസി സ്റ്റേഷനിൽ എത്തിയതോടെ എല്ലാ യാത്രക്കാരെയും മറ്റൊരു കോച്ചിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. സ്ഥലത്തെത്തിയ റെയിൽവെ അധികൃതർ കോച്ചിനുള്ളിൽ പാമ്പുകൾക്കായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ പാമ്പാട്ടികൾക്കെതിരെ റെയിൽവെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |