കൊച്ചി: ട്രെയിൻ കാത്തുനിന്ന യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും അമ്പരപ്പിച്ച് എറണാകുളം ടൗൺ റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ യുവാവിന്റെ ബൈക്ക് യാത്രയുടെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി. നോർത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം രണ്ടിലൂടെയാണ് ഇന്നലെ പുലർച്ചെ 4.40ന് യുവാവ് ആഡംബര ബൈക്കുമായി പാഞ്ഞത്.
പ്രതിക്കായി അന്വേഷണം തുടരുമ്പോഴും എന്തിന് ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ എത്തിയെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വാടകയ്‌ക്കെടുത്ത ബി.എം.ഡബ്ല്യു ബൈക്കാണെന്നതും സംശയം ഇരട്ടിപ്പിക്കുന്നു.
പെരുമ്പാവൂർ മുടിക്കൽ സ്വദേശി അജ്മലാണ് ബൈക്ക് ഓടിച്ചത്. നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ് അജ്മലെന്നാണ് വിവരം. അജ്മലിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക സ്രോതസിനെയും കൂട്ടുകെട്ടുകളെയും കുറിച്ചും അന്വേഷിക്കുന്നു.
നാലു ലക്ഷം രൂപയിലേറെ വിലയുള്ള ബി.എം.ഡബ്ല്യു ബൈക്ക് വാടകയ്ക്ക് എടുക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ചും സംശയമുണ്ട്. ഇ.വി.എം വീൽസ് എന്ന കാക്കനാട്ടെ സ്ഥാപനത്തിന്റെതാണ് ബൈക്ക്. പ്രീമിയം ബൈക്കുകളും കാറുകളും മാത്രമാണ് ഇവർ വാടകയ്ക്ക് നൽകുന്നത്.
അന്വേഷണം ലഹരി ഇടപാടിലേക്കും
ലഹരി ഇടപാടുകൾ കൂടുതലുള്ള മേഖല കൂടിയാണ് നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ. മയക്കുമരുന്ന് കൈമാറ്റത്തിനായി എത്തിയതാണോയെന്ന സംശയുണ്ട്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. എസ്.ആർ.എം. റോഡിലൂടെ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാർക്ക് കാൽനടയായി കയറാനും ഇറങ്ങാനുമുള്ള ചെറിയ ഭാഗത്തുകൂടിയാണ് ബൈക്ക് ഓടിച്ചെത്തിയത്. ഇടുങ്ങിയ സ്ഥലമാണിത്.
കാത്തിരിപ്പ് കേന്ദ്രം സ്റ്റേഷന് പുറത്തേക്ക്...
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ മാർച്ചിൽ കേന്ദ്ര റെയിൽവേ മന്ത്രിയുടെ യോഗത്തിൽ കാത്തിരിപ്പ് കേന്ദ്രം സ്റ്റേഷന് പുറത്തേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ട്രെയിൻ വരുന്നതിനുമുമ്പ് മാത്രം യാത്രക്കാരെ സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ തിരക്കേറിയ 60 റെയിൽവേ സ്റ്റേഷനുകളിൽ ആദ്യവും പിന്നീട് മറ്റ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഡൽഹി, വാരാണസി, ആനന്ദ് വിഹാർ, അയോധ്യ, പട്‌ന സ്റ്റേഷനുകളിലാണ് ഇത് ആദ്യഘട്ടത്തിലുള്ളത്. പ്ലാറ്റ്‌ഫോമിലേക്ക് കൺഫേംഡ് ടിക്കറ്റുകാർക്ക് മാത്രമായിരിക്കും പ്രവേശനം. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാർ പുറത്തെ കേന്ദ്രത്തിൽ കാത്തിരിക്കണം. ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു റെയിൽവേ യോഗം വിളിച്ച് തീരുമാനം കൈക്കൊണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |