ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പരിക്കേറ്റവർ പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അരലക്ഷം രൂപ വീതവും നൽകും.
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിൽനിന്നുള്ള സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ എന്നിവർക്ക് ദൗത്യം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. ജോർജ്ജ് കുര്യൻ വയനാട്ടിലേക്ക് തിരിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സഹായം വാഗ്ദാനം ചെയ്തു. ദുരന്തനിവാരണ സേനയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്ര്വിവേദിയെ വിളിച്ച് സൈന്യത്തെ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ നിർദ്ദേശിച്ചു.
ആനന്ദബോസ് കോഴിക്കോട്ട്
മുണ്ടക്കൈ സന്ദർശിക്കുന്നതിനും മരിച്ചവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനുമായി ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കോഴിക്കോട്ടെത്തി. വിവരമറിഞ്ഞയുടൻ മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് രക്ഷാദൗത്യത്തിൽ ബംഗാൾ ജനതയുടെ ഐക്യദാർഢ്യമറിയിച്ചിരുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷമാണ് ആനന്ദബോസ് എത്തിത്. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രഏജൻസികളുമായുള്ള ഏകോപനം സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായി അദ്ദേഹം കോഴിക്കോട്ട് ചർച്ച നടത്തും.
രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ മഹാദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. ദുരന്തത്തിൽ രക്തസാക്ഷികളായവർക്ക് അദ്ദേഹം ആത്മശാന്തിനേർന്നു. പരിക്കേറ്റവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാൻ രാജ്യം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അനുശോചിച്ച് സി.പി.എം പി.ബി
വയനാട് ദുരന്തത്തിൽ സി.പി.എം പൊളിറ്റ് ബ്യൂറോ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. വിദഗ്ദ്ധരുടെയും ആളുകളുടെയും സഹായത്തോടെ സംസ്ഥാന സർക്കാർ തീവ്ര രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്ര സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ബി പത്രക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |