ചെന്നൈ: വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റിലായ നടി കസ്‌തൂരി ജയിലിനുള്ളിൽ നിസ്സഹകരിക്കുകയാണെന്ന് റിപ്പോർട്ട്. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നുവെന്നും ജയിലിലെത്തിയ ശേഷമുള്ള ആദ്യ ദിനത്തിൽ രാത്രി ഉറങ്ങിയില്ലെന്നുമാണ് ജയിൽ വൃത്തങ്ങൾ പറഞ്ഞത്.
ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ചെങ്കിലും ഉച്ചഭക്ഷണം കസ്‌തൂരി ഒഴിവാക്കി. ഒറ്റയ്‌ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്. 644798 എന്ന നമ്പറാണ് കസ്‌തൂരിക്ക് അനുവദിച്ചിട്ടുള്ളത്. ജാമ്യം തേടി നടി മേൽക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം 29 വരെയാണ് നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടി കസ്‌തൂരിയെ ശനിയാഴ്‌ച വൈകിട്ട് പ്രത്യേക പൊലീസ് സംഘമാണ് പിടികൂടിയത്.
ഹിന്ദു മക്കൾ കക്ഷിയോഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. 300 വർഷം മുമ്പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വൻ പ്രതിഷേധം ഉയർന്നു. വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിന് പിന്നാലെ സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |