തൂത്തുക്കുടി: പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരിച്ചെന്തൂർ ജില്ലയിലെ മുരുകൻ ക്ഷേത്രത്തിൽ വച്ചാണ് ദാരുണ സംഭവമുണ്ടായത്. രണ്ട് പതിറ്റാണ്ടിലേറെയായി ആനയുടെ പാപ്പാനായിരുന്ന ഉദയകുമാർ (45), അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശിശുപാലൻ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഇരുപത്തിയാറുകാരിയായ ദൈവനയ് എന്ന ആനയാണ് പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നത്. ശിശുപാലൻ ആനയെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ശിശുപാലൻ ആനയ്ക്ക് പഴം നൽകിയിരുന്നു. ശേഷം തുടർച്ചയായി സെൽഫിയെടുത്തു. ഇതോടെ ആന പ്രകോപിതയായി.
തുടർന്ന് ശിശുപാലനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി, ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയകുമാർ, ബന്ധുവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ആന ഉദയകുമാറിന് നേരെ തിരിഞ്ഞു.
ഇരുവരെയും ദൃക്‌സാക്ഷികൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉദയകുമാറിന്റെയും ശിശുപാലന്റെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരിച്ചെന്തൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
'വെറ്റിനറി ഡോക്ടർ അടക്കമുള്ള ആറംഹ സംഘം ആനയുടെ ആരോഗ്യവും പെരുമാറ്റവുമൊക്കെ നിരീക്ഷിച്ചുവരികയാണ്. ഒരു നിശ്ചിത കാലയളവ് വരെ നിരീക്ഷണം തുടരും. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ആക്രമണമുണ്ടായത്.'- വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
1992ൽ തിരിച്ചെന്തൂറിൽ ക്ഷേത്രത്തിൽ വച്ച് ആന പാപ്പാനെ ആക്രമിച്ചിരുന്നു. കൂടാതെ 2001ലും സമാനമായ സംഭവമുണ്ടായി. രണ്ട് സംഭവങ്ങളിലും പാപ്പാന്മാർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |